-->
കളമശ്ശേരി : കളമശ്ശേരി നിയോജക മണ്ഡലത്തിലെ പ്രഥമ എംഎല്‍എയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന വി. കെ. ഇബ്രാഹിംകുഞ്ഞ് കളമശ്ശേരി വ്യവസായ നഗരത്തില്‍ വികസന വിസ്‌മയം തീര്‍ത്താണ് വിട വാങ്ങുന്നത്.
കളമശ്ശേരിയിലെ ജനകീയ എംഎല്‍എ എന്ന് പേരെടുത്ത വി.കെ ഇബ്രാഹിംകുഞ്ഞ് ഒരു പതി റ്റാണ്ടുകാലം കളമശ്ശേരി നഗരസഭ പ്രദേശത്ത് വിവിധ പ്രദേശങ്ങളില്‍ പടുത്തുയര്‍ത്തിയ വികസന നേട്ടങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്നതിലധികമാണ്.
2015 നവംബര്‍ 19ന് ഉദ്‌ഘാടനം നിര്‍വഹിച്ച കളമശ്ശേരിയിലെ പിഡബ്ല്യുഡി റെസ്‌റ്റ് ഹൗസും, ഓഫീസ് കോംപ്ലക്‌സും ദേശീയപാത പത്തടിപ്പാലത്ത് അഭിമാന സ്‌തംഭമായി തല ഉയര്‍ത്തി നില്‍ക്കുകയാണ്.
കളമശേരി മെഡിക്കല്‍ കോളേജിന്റെ വികസനലക്ഷ്യം വെച്ച് രൂപീകരിച്ച പൊതുമരാമത്ത് വകുപ്പ് സിവില്‍, ഇലക്‌ട്രിക്കല്‍ വിഭാഗങ്ങള്‍ ഇബ്രാഹിം കുഞ്ഞിന്റെ സംഭാവനയാണ്.ചുമട്ട് തൊഴിലാളികള്‍ക്ക് വേണ്ടി ക്ഷേമനിധി ഓഫീസും പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പിന്നോക്ക വിഭാഗം ക്ഷേമ കോര്‍പ്പറേഷന്‍ ഓഫീസും കളമശ്ശേരിയില്‍ എത്തിക്കുവാന്‍ പ്രധാന പങ്കുവഹിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ - വ്യവസായ- ഐടി ഹബ്ബ് ആയി മാറിയ കളമശ്ശേരിയില്‍ ട്രഷറി എത്തിക്കുന്നതിലും വി.കെയുടെ പ്രധാന ഇടപെടലുകള്‍ ഉണ്ടായിരുന്നു. കുപ്പി കഴുത്തു പോലെയായിരുന്ന കങ്ങരപ്പടിയുടെ വികസനം യാഥാര്‍ത്ഥ്യമാക്കിയത് ഈ വികസന നായകന്റെ പ്രത്യേക കരുതലും വീക്ഷണവും ആയിരുന്നു.കേരളത്തിലെ റോഡുകള്‍ അടിക്കടി തകരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ശക്‌തമായ കാലാവസ്‌ഥയെ അതിജീവിക്കുന്നതിനും കേരളത്തില്‍ വൈറ്റ് ട്രോപ്പ് റോഡുകള്‍ (കോണ്‍ക്രീറ്റ് റോഡുകള്‍) നിര്‍മ്മിച്ച് പുതിയ മാതൃക സൃഷ്‌ടിച്ചതും അദ്ദേഹമാണ്.മണലി മുക്ക് മുതല്‍ എച്ച്‌എംടി കവല വരെ നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ് തകരാതെ ഇന്നും നിലനില്‍ക്കുന്നത് ഇബ്രാഹിം കുഞ്ഞിനെ ഓര്‍മിപ്പിക്കുന്ന ഒന്നാവും.ഇടപ്പള്ളി ടോള്‍ മുതല്‍ കളമശ്ശേരി പ്രീമിയര്‍ കവല വരെയുള്ള ഇടപ്പള്ളി മേത്താനം റോഡ് വികസനത്തിന്റെ ഓര്‍മ്മയായി ഇന്നും തകരാതെ നിലനില്‍ക്കുകയാണ്. കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏലൂര്‍ വടക്കും ഭാഗത്തെ മേത്താനം പാലം,
പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്‌ജ് തുടങ്ങിയവ വികസന നായകന്റെ കയ്യൊപ്പ് ചേര്‍ന്നതാണ്.