-->
ആലപ്പുഴ: ആലപ്പുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്‌ക്കളുടെ ശല്യം തുടരുന്നു. മുനിസിപ്പാലിറ്റിയിലെ തെരുവുനായ്‌ക്കളുടെ വര്‍ധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതി തുടരുന്നതിന് ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സംഘടനകള്‍ ആവശ്യമായതിനാലും കേരളത്തില്‍ ഇത്തരത്തിലുള്ള ഏജന്‍സികള്‍ ഒന്നും തന്നെ നിലവിലില്ലാത്ത സാഹചര്യത്തിലും നടപടികള്‍ പ്രതിസന്ധിയിലായ അവസ്‌ഥയാണ്.
തെരുവുനായ ശല്യം സംബന്ധിച്ച് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ)ഭാരവാഹികള്‍ക്ക് ആലപ്പുഴ നഗരസഭ പൊതുജനാരോഗ്യ വിഭാഗം നോര്‍ത്ത് സെക്കന്റ് എസ്.പി.എച്ച്.ഐ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഹെല്‍ത്ത് ഓഫീസര്‍ കെ.പി. വര്‍ഗീസ് നല്‍കിയ മറുപടിയിലാണ് ഇതിന്റെ സൂചനയുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ തെരുവുനായ്‌ക്കളുടെ വര്‍ധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എ.ബി.സി പ്രോഗ്രാം നടപ്പില്‍ വരുത്തുന്നതിന് പദ്ധതി രൂപീകരിച്ച് ഫലപ്രദമായി നടന്നിരുന്നുവെന്നാണുള്ളത്. പദ്ധതി കുടുംബശ്രീമിഷന്‍ മുഖാന്തിരം ജില്ലാപഞ്ചായത്ത് മുഖേനയാണ് നടപ്പിലാക്കിവന്നിരുന്നത്.
നാളിതുവരെ നഗരസഭാ പരിധിയിലുള്ള 898 നായ്‌ക്കളെ നഗരസഭ വന്ധ്യംകരണം ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതുവഴി തെരുവുനായ്‌ക്കളുടെ വര്‍ധനവ് ക്രമാതീതമായി കുറയ്‌ക്കുവാന്‍ സാധിച്ചതായും അവകാശപ്പെട്ടു. മുനിസിപ്പാലിറ്റി പരിധിയില്‍ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്‌റ്റ് മാസം നടന്ന വാക്‌സിനേഷന്‍ ക്യാമ്പയിന്റെ ഭാഗമായി 1054 തെരുവുനായ്‌ക്കളെ വാക്‌സിനേറ്റ് ചെയ്‌തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷത്തെ വാക്‌സിനേഷന്‍ പ്രോഗ്രാം ഉടന്‍ തന്നെ ആരംഭിക്കുന്നതാണെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. എ.ബി.സി പദ്ധതി തുടരുന്നതിന് ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം ഉള്ള സംഘടനകള്‍ ആവശ്യമായതിനാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള ഏജന്‍സികള്‍ ഒന്നും തന്നെ നിലവിലില്ലാത്ത സാഹചര്യത്തില്‍ അയല്‍ സംസ്‌ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്‍സികളെ പത്രപരസ്യം വഴിയോ, ആനിമല്‍ വെഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുളള കൂനൂരിലെ വേള്‍ഡ് വെറ്ററിനറി സര്‍വീസ് സെന്ററുമായോ ബന്ധപ്പെട്ടോ കണ്ടെത്തു ന്നതിനും ഇപ്രകാരം കണ്ടെത്തുന്ന ഏജന്‍സികള്‍ മുഖാന്തിരം ആലപ്പുഴ നഗരത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിനും ജില്ലാ കളക്‌ടറുടെ അധ്യക്ഷതയില്‍ 2022 ഓഗസ്‌റ്റ് 12-നു നടന്ന യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.
അതു കഴിഞ്ഞിട്ട് തന്നെ മൂന്നര വര്‍ഷമാകുന്നു. പിന്നീട് ഒരു നടപടിയും സ്വീകരിച്ചതായി അറിവില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ എ.ബി.സി പ്രോഗ്രാം നടത്തിപ്പിനായി വെറ്റിനറി സര്‍ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്‌ഥനായി പ്രോജക്‌ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് വെറ്ററിനറി സര്‍ജന് അറിയിപ്പ് നല്‌കിയിട്ടുമുണ്ട്. ആലപ്പുഴ ജില്ലയില്‍ സീവ്യൂ വാര്‍ഡില്‍ പ്രോഗ്രാമിന് സജ്‌ജീകരിച്ചിട്ടുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍, അടിസ്‌ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. പണി പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്ക് പ്രോഗ്രാം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നു പറയുന്നുണ്ടെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷവും കഴിയുകയാണ്.