-->
മണ്ണഞ്ചേരി: മാലിന്യംനിറഞ്ഞ കുളത്തില്‍ മുങ്ങിത്താഴ്‌ന്ന മൂകയായ നാലു വയസുകാരിക്ക് രക്ഷകരായത് രണ്ടു യുവാക്കള്‍. ഗൗരിക്കുട്ടിക്ക് ഇത് പുനര്‍ജന്മം. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡ് കാവുങ്കലിലെ പാവാട്ട്‌കുളത്തില്‍ മുങ്ങിത്താഴ്‌ന്ന് മരണത്തോട് മല്ലിട്ടടിച്ച ഗൗരിയെ ജീവിതത്തിലേക്ക് കൈപിടിച്ചു യര്‍ത്തിയത് സമീപത്തെ വീട്ടില്‍ പെയിന്റിങ് പണിക്കെത്തിയ ഫൈസലും ആര്‍.ഒ പ്ലാന്റ് വെള്ളവിതരണത്തിനെത്തിയ പ്രശാന്തും ചേര്‍ന്നാണ്. ഇതേ വാര്‍ഡിലെ ദിവ്യാ ഭവനില്‍ ജിജി - ദിവ്യാ ദമ്പതികളുടെ മകളാണ് ജന്മനാ മൂകയായ ഗൗരി.
വീടിന് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ ചിറയില്‍ സി.വി. രഞ്ചന്റെ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന ഗൗരി ഏകദേശം ഇന്നലെ പകല്‍ 11.30 ഓടെ ഗെയിറ്റ് തുറന്ന് പുറത്തിറങ്ങിയത് വീട്ടുകാരാരുമറിഞ്ഞിരുന്നില്ല. കുട്ടിയെ കാണാതെ പരിഭ്രാന്തരായ വീട്ടുകാരും വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഉടനടി പരിസര പ്രദേശങ്ങളില്‍ അന്വേഷിച്ചുവെങ്കിലും ഒരു വിവരം ലഭ്യമാകാത്തതിനെ തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. സംയുക്‌ത അന്വേഷണം നടക്കുന്നതിനിടയില്‍ ഗൗരി റോഡിലൂടെ തെക്ക് ഭാഗത്തേക്ക് കളിച്ചുകൊണ്ട് പോകുന്നതായി അയല്‍വാസിയായ മട്ടമ്മേല്‍ വെളി സിന്ധു ആംഗ്യഭാഷയില്‍ പോലീസ് ഉദ്യോഗസ്‌ഥരോട് സൂചിപ്പിച്ചു.
ഈ സമയം പാവട്ടകുളത്തിന് സമീപത്തുകൂടി യാത്ര ചെയ്യുന്നതിനിടയിലാണ് കാര്യംപള്ളിയിലെ സെബീന, ഷെമി എന്നിവരുടെ ശ്രദ്ധയില്‍ ഉപയോഗ രഹിതമായതും 10 അടിക്ക് മേലെ താഴ്‌ചയുള്ളതും ആറടിക്ക് മേലെ ചെളിനിറഞ്ഞ്, മാലിന്യങ്ങള്‍ അടിഞ്ഞ് കൂടിയ പാവട്ടകുളത്തില്‍ ഗൗരി മുങ്ങിത്താഴ്‌ന്നുപോകുന്നത് കണ്ടത്.
ഇവരുടെ നിലവിളികേട്ട് റോഡിന് അല്‌പമകലെയുള്ള വീട്ടില്‍ പെയിന്റ് പണിക്ക് എത്തിയ വീ വണ്‍ ഹോസ്‌പിറ്റലിന് സമീപം താമസിക്കുന്ന കുന്നപ്പള്ളി വെളിവീട്ടില്‍ ഫൈസല്‍, ആര്‍. ഒ പ്ലാന്റ് വാട്ടര്‍ കൊണ്ടുവരുന്ന അമ്പനാകുളങ്ങര വലിയ വീട് ക്ഷേത്രത്തിന് സമീപം മണ്ണാപറമ്പ് വീട്ടില്‍ പ്രശാന്ത് എന്നിവര്‍ കുളത്തിലേക്ക് എടുത്തു ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഏതാനും സെക്കന്റുകള്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ നഷ്‌ടപ്പെടുന്ന അവസ്‌ഥയിലായിരുന്നു അപ്പോള്‍ ഗൗരി. തുടര്‍ന്ന് കാവുങ്കലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികത്സ നല്‍കിയതിനുശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്‌തതായി ഡോക്‌ടര്‍ പറഞ്ഞു. ഗൗരിയുടെ വീട്ടില്‍നിന്നും ഏകദേശം 200 മീറ്ററില്‍ അധികം ദൂരത്തിലാണ് പാവട്ടക്കുളം സ്‌ഥിതിചെയ്യുന്നത്.