-->
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തിലെ ചെറുപുഴ മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് ജലം ഗുരുതരമായി മലിനമാവുകയും കുടിവെള്ള പ്രശ്‌നം വരെ വളരെ രൂക്ഷമാവുകയും ചെയ്‌തതിനെ തുടര്‍ന്ന് താലൂക്ക് സഭയിലെ തീരുമാനപ്രകാരം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് ഓഫീസില്‍ പ്രത്യേക യോഗം ചേര്‍ന്നു. പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പുഴ സംരക്ഷണത്തിനും മലിനീകരണം ഫലപ്രദമായി തടയുന്നതിനുമായി ചേലുള്ള ചെറുപുഴ എന്ന പേരില്‍ വിപുലമായ ബോധവത്‌കരണ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കാമ്പയിന്‍ ഇന്ന് മുതല്‍ 20 വരെ നടക്കും. ഇതിന്റെ ഭാഗമായി ചെറുപുഴയോട് ചേര്‍ന്നുള്ള വ്യാപാര സ്‌ഥാപനങ്ങളിലും സമീപവീടുകളിലും നേരിട്ടെത്തി ബോധവത്‌കരണം നടത്തും. നോട്ടിസ് വിതരണം ചെയ്ുയകയും വിവിധ മാര്‍ഗങ്ങളിലൂടെ ജനങ്ങളെ അവബോധത്തിലാക്കുകയും ചെയ്യും. നിയമലംഘനം നടത്തി പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ ചെയര്‍മാന്‍ എന്നിവരെ മുഖ്യ രക്ഷാധികാരികളാക്കി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഈ മാസം 20ന് റിവ്യൂ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. 21, 22 തീയതികളില്‍ പോലീസ്, ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ വിഭാഗം എന്നിവരെ ഉള്‍പ്പെടുത്തി സംയുക്‌ത പരിശോധന നടത്താനും തീരുമാനമായി. ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി ഉറപ്പുവരുത്തുന്നതാണ്. തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ പൊതുജനങ്ങളെയും വിദ്യാര്‍ത്ഥികളെയും അണിനിരത്തി ബോധവല്‍ക്കരണ റാലി നടത്തും. യോഗം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്‌മ തബ്‌ഷീറ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് സി.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍, വൈസ് പ്രസിഡന്റ് മുബീന, ബ്ലോക്ക്. പഞ്ചായത്ത് അംഗങ്ങളായ പ്രബീന ഹബീബ്, വാഹിദ, ധന്യ തോട്ടത്തില്‍, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം താഹിര്‍ തങ്ങള്‍, പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ വേണുഗോപാല്‍, പോലീസ് സേ്‌റ്റഷന്‍ ഓഫീസര്‍ സുമേഷ് സുധാകരന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. രാജേഷ്‌കുമാര്‍, മേജര്‍മൈനര്‍ ഇറിഗേഷന്‍ വിഭാഗം ഉദ്യോഗസ്‌ഥര്‍, നഗരസഭയും ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു