-->
പാനൂര്‍: പതിനേഴാം വയസില്‍ മോഷണത്തിനിറങ്ങിയതാണ് നാദാപുരം തൂണേരി സ്വദേശി കുഞ്ഞിക്കണ്ടി അബ്‌ദുള്ള. പലതരം മോഷണ ജീവിതത്തിനിടെ 10 വര്‍ഷത്തെ ജയില്‍ വാസവുമുണ്ട്. എലാങ്കോട് ശ്രീ മഹാവിഷ്‌ണു ക്ഷേത്രം, പുത്തൂര്‍ കുയിമ്പില്‍ ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവന്‍ കാവ്, പൂക്കോം കല്ലുള്ള പുനത്തില്‍ ക്ഷേത്രം, തൂവ്വക്കുന്ന് അയ്യപ്പമഠം തുടങ്ങി വിവിധയിടങ്ങളില്‍ ക്ഷേത്ര മോഷണങ്ങള്‍ നടത്തിയ പ്രതിയെ വളരെ സാഹസപ്പെട്ടാണ് പൊലീസ് പിടികൂടിയത്. അഞ്ച് ദിവസത്തോളം മംഗലാപുരത്ത് ക്യാമ്പ് ചെയ്‌ത പൊലീസ് മംഗലാപുരത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ സഹായവും തേടിയിരുന്നു. ഇവര്‍ നല്‍കിയ സൂചനകളെ തുടര്‍ന്നാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. പിടികൂടി പാനൂര്‍ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തപ്പോഴാണ് ദൈവത്തിനെന്താ പണമെന്ന് അബ്‌ദുള്ള ചോദിച്ചത്. ഭക്‌തര്‍ നല്‍കിയ പണമാണ്. പീന്നീടത് ദൈവത്തിന്റേതാണ്. ദൈവത്തിനെന്തിനാണ് പണമെന്ന് തന്നെ കാണാനെത്തിയ ക്ഷേത്രം ഭാരവാഹികളോടും അബ്‌ദുള്ള ചോദിക്കുന്നുണ്ടായിരുന്നു. പള്ളിയില്‍ കയറി മോഷ്‌ടിക്കുമൊ എന്ന ക്ഷേത്രം ഭാരവാഹിയുടെ ചോദ്യത്തിന് എല്ലായിടത്തും കയറുമെന്നായിരുന്നു മറുപടി. അക്ഷരാര്‍ത്ഥത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പൊന്‍കുരിശു തോമ എന്ന കഥാപാത്രത്തെ അനുസ്‌മരിപ്പിക്കും വിധമായിരുന്നു അബ്‌ദുള്ളയുടെ പ്രകടനം. കോഴിക്കോട്, മലപ്പുറം ജില്ലകളിലും അബ്‌ദുള്ളക്കെതിരെ പരാതികളും, കേസുകളുമുണ്ട്.
ഒരു മകള്‍ ഡോക്‌ടറാണെന്ന് അവകാശപ്പെടുന്ന അബ്‌ദുള്ളക്ക് പക്ഷെ വര്‍ഷങ്ങളായി വീടുമായി ബന്ധമൊന്നുമില്ല. വടകരയില്‍ ക്ഷേത്ര മോഷണം നടത്തി അറസ്‌റ്റിലായ അബ്‌ദുള്ള ഈയിടെ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണം തുടര്‍ന്നത്. പാനൂര്‍ സി.ഐ എം.വി ഷീജു, എസ്.ഐമാരായ പി.ആര്‍ ശരത്ത്, മരിയ പ്രിന്‍സ്, എ.എസ്‌ഐമാരായ നിവേദ്, ബൈജു, എസ്.സി.പി.ഒ ഫൈസല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.