-->
പുല്‍പ്പള്ളി: പുല്‍പ്പള്ളിയെ ഭക്‌തജന സാഗരമാക്കി സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര. നിരവധിയായ ടാബ്ലോകളും, പഞ്ചവാദ്യവും, ശിങ്കാരമേളങ്ങളും, ചെണ്ടമേളങ്ങളും ബാന്റുകളും അമ്മന്‍ കുടവും, കേരള തനിമ വിളിച്ചോതുന്ന നിരവധി ഭക്‌ത ശില്‍പ രൂപങ്ങളും, ഗജവീരനുമണിചേര്‍ന്ന സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ ഘോഷയാത്ര പുല്‍പ്പള്ളിയെ ഭക്‌ത സാഗരമാക്കി മാറ്റി.
ഉത്സവത്തിന്റെ പ്രധാനദിവസമായ ഞായറാഴ്‌ച നടന്ന പ്രസാദ ഊട്ടിലും താലപ്പൊലി ഘോഷയാത്രയിലും പങ്കെടുക്കാനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഞായറാഴ്‌ച രാവിലെ 11 മണിയോടെ തുടങ്ങിയ പ്രസാദ ഊട്ട് വൈകുന്നേരം നാലുവരെ നീണ്ടു.
മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വയനാടിന്റെ വിവിധ പ്രദേശങ്ങള്‍ക്ക് പുറമേ തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവരടക്കം ഇവിടേക്കെത്തിയിരുന്നു.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ഇരുപതോളം കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രാദേശിക താലപ്പൊലികള്‍ താഴെയങ്ങാടിയിലെ ചെടാറ്റിന്‍കാവില്‍ സംഗമിച്ച്, മഹാതാലപ്പൊലി ഘോഷയാത്രയായി നഗര പ്രദക്ഷിണം ചെയ്‌ത് ക്ഷേത്രത്തില്‍ താലം ചൊരിഞ്ഞു. രാത്രിയില്‍ ക്ഷേത്രത്തില്‍ ചുറ്റുവിളക്കും വാള്‍മുക്കി ആറാട്ടും നടന്നു. താലത്തിനുശേഷം സഭാമണ്ഡപത്തില്‍ ബാലെയും അരങ്ങേറി.