-->
ബാലുശേരി: 2021 സെപ്‌റ്റംബറില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്‌ഘാടനം നിര്‍വഹിച്ച ബാലുശേരി മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണം, നാലുവര്‍ഷത്തോളം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിശ്‌ചലമായതിന് ശേഷം വീണ്ടും ആരംഭിച്ചു.
പറമ്പിന്‍ മുകളില്‍ പഴയ വില്ലേജ് ഓഫിസിന് സമീപം റവന്യൂ വകുപ്പിന് കീഴിലുള്ള 72 സെന്റ് സ്‌ഥലത്താണ് ഇപ്പോള്‍ ആദ്യ ബേസ്‌മെന്റ് നിലയുടെ നിര്‍മാണം പുരോഗമിക്കുന്നത്. ഉദ്‌ഘാടനം കഴിഞ്ഞിട്ടും തുടരാത്ത പദ്ധതിയെന്ന അപകീര്‍ത്തിയിലായിരുന്ന മിനി സിവില്‍ സ്‌റ്റേഷന്‍ മണ്ണെടുക്കലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളാണ് പ്രധാന തടസ്സമായിരുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് വിശദീകരിക്കുന്നു. ആദ്യം കരാര്‍ എടുത്ത നിര്‍മാണ കമ്പനി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവൃത്തി നീട്ടിക്കൊണ്ടുപോയതോടെ ഒടുവില്‍ പൊതുമരാമത്ത് വകുപ്പ് തന്നെ കരാര്‍ റദ്ദാക്കേണ്ടിവന്നു. റീടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മലപ്പുറം ആസ്‌ഥാനമായ നിര്‍മാണ കണ്‍സ്‌ട്രക്ഷന്‍ കമ്പനിക്കാണ് ഇപ്പോള്‍ ചുമതല നല്‍കിയിരിക്കുന്നത്. 15 കോടി രൂപയാണ് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഇതിനിടെ മൂന്ന് വര്‍ഷം മുമ്പ് ബാലുശേരിയിലെ പഴയ വില്ലേജ് ഓഫിസ് കെട്ടിടം കൊക്കല്ലൂരിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം വില്ലേജ് ഓഫിസ് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുകയും റവന്യൂ വകുപ്പ് വാടക നല്‍കുകയും ചെയ്‌തുവരികയാണ്. ടൗണിലെ വാടക കെട്ടിടങ്ങളില്‍ ചിതറിക്കിടക്കുന്ന സബ് ട്രഷറി ഓഫിസ്, രജിസ്‌ട്രാര്‍ ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, എക്‌സൈസ് ഓഫിസ്, വൈദ്യുതി ഓഫിസുകള്‍, എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, വനിതാ ശിശുവികസന വകുപ്പ് ബാലുശേരി പ്രോജക്‌ട് ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങിയ സര്‍ക്കാര്‍ സ്‌ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്നതാണ് മിനി സിവില്‍ സ്‌റ്റേഷന്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക്‌ചര്‍ വിഭാഗവും ഡിസൈന്‍ വിഭാഗവും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്‌ത കെട്ടിടം രണ്ട് ബേസ്‌മെന്റ് നിലകള്‍ ഉള്‍പ്പെടെ ആറ് നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്ന കണക്കുകൂട്ടലാണ് ഇപ്പോള്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ഉദ്‌ഘാടനത്തിന് ശേഷം നാലുവര്‍ഷം സാങ്കേതികത്വത്തിന്റെ പേരില്‍ മുടങ്ങിക്കിടന്ന പദ്ധതിയുടെ ഭാവി സംബന്ധിച്ച് നാട്ടുകാര്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇനിയെങ്കിലും പണി തീരുമോ, അതോ വീണ്ടും ഫയലുകളിലൊതുങ്ങുമോ എന്ന ചോദ്യം ബാലുശേരിയുടെ പൊതു ചര്‍ച്ചകളില്‍ ശക്‌തമായി ഉയരുകയാണ്.