-->
അമ്പലവയല്‍: വിനോദ സഞ്ചാര മേഖലയ്‌ക്കു തിരിച്ചടിയായിരിക്കുകയാണ് എടയ്‌ക്കല്‍ ഗുഹയിലേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അയല്‍ ജില്ലകളില്‍ നിന്നടക്കം എത്തുന്ന നിരവധിപ്പേരാണ് എടയ്‌ക്കല്‍ ഗുഹ കാണാനാകാതെ മടങ്ങുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിലാലിഖിതങ്ങളുള്ള എടയ്‌ക്കല്‍ ഗുഹയില്‍ പുരാവസ്‌തു വകുപ്പാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം മേര്‍പ്പെടുത്തിയത്. 1920 പേര്‍ക്കു മാത്രമേ ദിവസേന പ്രവേശനമുള്ളൂ.
ജില്ലയിലെ മറ്റു കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എടയ്‌ക്കലിക്ക് എത്തുമ്പോഴേക്കും സന്ദര്‍ശകരുടെ എണ്ണം പൂര്‍ത്തിയാകുകയാണ്. മണിക്കൂറുകളോളം യാത്ര ചെയ്‌ത് എത്തുന്ന പലരും ഏറെനേരം സന്ദര്‍ശനത്തിനായി വരിയില്‍ നിന്ന ശേഷമാണ് മടങ്ങേണ്ട സാഹചര്യമുണ്ടാകുന്നത്. നടന്നുമുകളിലേത്തി ഗുഹ സന്ദര്‍ശിക്കേണ്ടതിനാല്‍ വിനോദ സഞ്ചാരികള്‍ ഉച്ചകഴിഞ്ഞോ അവസാനത്തെ സന്ദര്‍ശന കേന്ദ്രമായോ ആണ് എടയ്‌ക്കലിനെ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഇവിടെയെത്തുമ്പോഴെക്കും പ്രതിദിന സഞ്ചാരികളുടെ എണ്ണം പൂര്‍ത്തിയായിട്ടുണ്ടാകും. 2018ലെ പ്രളയകാലത്ത് ഗുഹയുടെ ഉള്ളിലേക്ക് വെള്ളവും കല്ലും ഒലിച്ചിറങ്ങി എഴുത്തുകള്‍ക്ക് കേടുപാടുകള്‍ വരുമെന്ന പുരാവസ്‌തു വകുപ്പിന്റെ കണ്ടെത്തലിന് പിന്നാലെയാണ് താല്‍ക്കാലികമായി സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, മഴക്കാലം പലതു കഴിഞ്ഞിട്ടും നിയന്ത്രണം പിന്‍വലിച്ചിക്കാത്തതാണു വിനോദ സഞ്ചാര മേഖലയ്‌ക്കു തിരിച്ചടിയായത്. ജില്ലയില്‍ ഡി.ടി.പി.സി.യുടെ കീഴിലുള്ള കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന കേന്ദ്രമാണിത്.
എന്നാല്‍, പഴയ ശിലാലിഖിതങ്ങള്‍ കാണാനും അറിയാനും മനസിലാക്കാനുമെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളാണു നിരാശയോടെ മടങ്ങുന്നത്. ഏറെക്കാലമായി നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ എടയ്‌ക്കലിനോട് ചേര്‍ന്ന് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്. സന്ദര്‍ശകര്‍ മടങ്ങുന്നതു വ്യാപാരത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. ശിലാലിഖിതങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ സന്ദര്‍ശകരുടെ എണ്ണത്തിലെ നിയന്ത്രണം എടുത്തു കളയണമെന്ന ആവശ്യം ശക്‌തമാവുകയാണ്.