-->
പമ്പ: മകര വിളക്ക് ദിവസം പമ്പയില്‍ നിന്നും കെ. എസ്.ആര്‍.ടി. സി 850 ബസുകള്‍ സര്‍വീസ് നടത്തും: മകരവിളക്കിനായി 900 ബസ്സുകള്‍ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ആയിരം ബസുകള്‍ വിട്ടുനല്‍കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.പമ്പ ഓഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്‌ഥരുടെ അവലോകന യോഗം ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗസ്‌ഥര്‍ ഒരു സമര്‍പ്പണ മനോഭാവത്തോടെയാണ് ശബരിമല ഡ്യൂട്ടി ചെയ്യുന്നത്. സെയിഫ് സോണ്‍ പദ്ധതി കാര്യക്ഷമമാക്കിയതിലൂടെ ഇത്തവണ അപകടങ്ങള്‍ കുറക്കാനും അപകട മരണങ്ങള്‍ ഇല്ലാതാക്കാനും കഴിഞ്ഞു. സ്‌ഥിരമായി അപകടങ്ങളുണ്ടായിക്കൊണ്ടിരുന്ന 6- 7 ബ്ലാക്ക് സ്‌പോട്ടുകള്‍ മാര്‍ക്ക് ചെയ്‌ത് ഇവിടെ പോലീസ് എം. വി.ഡി ഉദ്യോഗസ്‌ഥരെ നിയോഗിച്ച് ഓവര്‍ടേക്കിങ് തടഞ്ഞത് ഫലം കണ്ടു. സീസണ്‍ കഴിഞ്ഞാലുടന്‍ ഇവിടങ്ങളില്‍ ഡിവൈഡറുകള്‍ സ്‌ഥാപിക്കും കേരളത്തില്‍ ആദ്യമായി നിലക്കലിലും പമ്പയിലും സ്‌ഥാപിച്ച സ്‌മാര്‍ട്ട് ബസേ്‌റ്റാപ്പുകള്‍ പ്രവര്‍ത്തന സജ്‌ജമാണെങ്കിലും ഇന്റര്‍നെറ്റിന്റെ അപര്യാപ്‌തത കാരണം പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല.
ബസ് റ്റോപ്പില്‍ നിന്നുകൊണ്ട് തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സ്‌മാര്‍ട്ട് ബസെ്‌റ്റാപ്പുകള്‍ സ്‌ഥാപിച്ചത്. അടുത്തവര്‍ഷമെങ്കിലും സ്വകാര്യ ഡേറ്റ വിതരണക്കാരുടെ സേവനം കൂടി ലഭ്യമാക്കണമെന്ന് മന്ത്രി കെ ബി ഗണേശ് കുമാര്‍ ഉദ്യോഗസ്‌ഥരോട് നിര്‍ദേശിച്ചു. മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് തീര്‍ത്ഥാടകര്‍ മല ഇറങ്ങി പമ്പയിലെത്തുന്ന മുറക്ക് അവരവരുടെ സ്‌ഥലങളിലേക്ക് ബസ്സുകള്‍ ട്രിപ്പ് നടത്തും. ഇതിനായി ഹില്‍ ടോപ്പ് മകരവിളക്ക് ദിവസം കെ .എസ് .ആര്‍. ടി. സി ക്കായി ഒഴിഞ്ഞ് നല്‍കണമെന്നും അദ്ദേഹം ദേവസ്വം പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചടങ്ങില്‍ കെ. എസ്. ആര്‍. ടി.സി , സി .എം. ഡി , പി എസ് പ്രമോദ് ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.