-->
അയിരൂര്‍: കഥകളി പ്രേമികള്‍ അടിക്കാണാനും പാടി കേള്‍ക്കാനും ആഗ്രഹിക്കുന്ന കഥകളും പദങ്ങളുമായി കഥകളിമേളക്ക് ഇന്ന് ആട്ടവിളക്ക് തെളിയും.ജില്ലാ കഥകളി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പത്തൊന്‍പതാമത് കഥകളി മേളക്ക് ഇന്ന് അയിരൂര്‍ കഥകളി ഗ്രാമത്തില്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് ശ്രീവിദ്യാധിരാജ നഗറില്‍ ആരംഭിക്കും.
ഒരാഴ്‌ചക്കാലം നീണ്ടു നില്‍ക്കുന്ന കഥകളി മേളയില്‍ നളചരിതം ഒന്നാം ദിവസം, രുക്‌മാംഗദ ചരിതം, കിര്‍മ്മീരവധം, തോരണയുദ്ധം, രാജസൂയം (വടക്കന്‍), കംസവധം, ഉത്തരാസ്വയംവരം എന്നീ കഥകളാണ് ആടുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.30 ന് കഥകളി ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി കഥകളി പാഠഭാഗങ്ങള്‍ പഠനക്കളരിയില്‍ അരങ്ങേറും. ഇലന്തൂര്‍ ഗവ. ആര്‍ട്ട്‌സ് ആന്‍റ് സയന്‍സ് കോളജ്, പത്തനംതിട്ട കാതോലിക്കറ്റ് കോളജ്, കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് എന്നീ സ്‌ഥാപനങ്ങളുടെ സംയുക്‌താഭിമുഖ്യത്തില്‍ കഥകളിയിലെ നൃത്തം എന്ന വിഷയത്തെ അധികരിച്ച് ത്രിദിന അന്തര്‍ദേശീയ സെമിനാറും മേളയില്‍ നടക്കും.
ഇന്ന് രാവിലെ 10 ന് സിനിമാ സംവിധായകന്‍ ബ്ലസ്സി മേള ഉദ്‌ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്‍റ് ടി. പ്രസാദ് കൈലാത്ത് അദ്ധ്യക്ഷത വഹിക്കും. അഡ്വ. പ്രമോദ് നാരായണന്‍ എം. എല്‍. എ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കഥകളി ക്ലബ്ബിന്‍റെ 25 -മത് നാട്യഭാരതി അവാര്‍ഡ് കഥകളി ഗായകന്‍ കലാമണ്ഡലം വിനോദിന് നല്‍കി ആദരിക്കും. 11 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പത്താം ക്ലാസ്സ് മലയാള പാഠാവലിയിലെ സ്വാതന്ത്ര്യത്തിന്‍റെ ചിറകില്‍ (നളചരിതം) കഥകളി അരങ്ങേറും. നാട്യഭാരതി കഥകളി സെന്‍റര്‍ വിദ്യാര്‍ത്ഥികളുടെ നൃത്ത അരങ്ങേറ്റവും വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്ലാസ്സിക്കല്‍ കലാമത്സരങ്ങളും കഥകളി ക്വിസ്സും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വൈസ്. പ്രസിഡന്‍റ് , എം. അയ്യപ്പന്‍കുട്ടി , സെക്രട്ടറി ദിലീപ് അയിരൂര്‍ , അജയ് ഗോപിനാഥ്.ജി. ജയറാം ചെറുകോല്‍ എന്നിവര്‍ അറിയിച്ചു.
കളിയരങ്ങില്‍ ഇന്ന് - നളചരിതം ഒന്നാം ദി-വസം
കഥകളി അരങ്ങില്‍ ഇന്ന് നളചരിതം കഥയുടെ ആദ്യരംഗങ്ങള്‍ നിറഞ്ഞാടും. ചക്രവര്‍ത്തിയായി വാണരുളുന്ന യുവകോമളനായ നൈഷധാധിപന്‍ നളനെ നാരദമഹര്‍ഷി സന്ദര്‍ശിക്കുന്നതാണ് പ്രഥമരംഗം. നാരദനില്‍ നിന്ന് ദമയന്തി എന്ന സുന്ദരിയായ രാജകുമാരിയെപ്പറ്റി അറിഞ്ഞ നളന്‍ പ്രണയലോലുപനാകുന്നു. അനുരാഗത്തിന്‍റെ വിവിധ തലങ്ങള്‍ ഉണ്ണായിവാര്യരുടെ അതീവ ഹൃദ്യമായ കാവ്യത്തിലൂടെ കവിഞ്ഞൊഴുകുകയാണ് പിന്നീട്. ഉദ്യാനത്തിലെത്തുന്ന നളന്‍ ഹംസത്തെ കാണുന്നതും സൗഹൃദത്തിലാകുന്നതും നളന്‍റെ പ്രണയദൂതുമായി ഹംസം ദമയന്തീ സവിധത്തിലെത്തുന്നതുമാണ് തുടര്‍ രംഗങ്ങളില്‍.
കേരള കലാമണ്ഡലം മുന്‍പ്രിന്‍സിപ്പാളും ഡീനുമായിരുന്ന കലാമണ്ഡലം ബാലസുബ്രഹ്‌മണ്യനാണ് നളനായി വേഷമിടുന്നത്. കലാമണ്ഡലം ഷണ്‍മുഖനാണ് ദമയന്തി. കലാമണ്ഡലം കൃഷ്‌ണപ്രസാദ് ഹംസം. കലാമണ്ഡലം വിഷ്‌ണുമോനാണ് നാരദനായി രംഗത്തെത്തുന്നത്. സംഗീതം കലാമണ്ഡലം വിനോദ്, കലാമണ്ഡലം വിഷ്‌ണു, കലാമണ്ഡലം കാര്‍ത്തിക്. ചെണ്ട കലാമണ്ഡലം വേണു മോഹന്‍, ആര്‍. എല്‍. വി. മഹാദേവന്‍. മദ്ദളം കലാനിലയം മനോജ്, കലാമണ്ഡലം അജയ്. ചുട്ടി ചിങ്ങോലി പുരുഷോത്തമന്‍. കെ. എല്‍. കൃഷ്‌ണമ്മ ആട്ടവിളക്ക് തെളിക്കും.