-->
തിരൂരങ്ങാടി: ദേശീയ പക്ഷി ദിനത്തോടനുബന്ധിച്ച് ചെറുമുക്ക്-വെഞ്ചാലി തണ്ണീര്‍ തടങ്ങളില്‍ നടത്തിയ ഏഷ്യന്‍ വാട്ടര്‍ബേര്‍ഡ് സെന്‍സസില്‍ 72 ഇനം പക്ഷികളെ കണ്ടെത്തി. തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ഷമാണ് ചെറുമുക്ക്-വെഞ്ചാലി തണ്ണീര്‍ത്തടങ്ങളില്‍ ഏഷ്യന്‍ വാട്ടര്‍ബേര്‍ഡ് സെന്‍സസ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 69 ഇനം പക്ഷികളെ മാത്രമാണ് കണ്ടെത്തിയതെങ്കിലും അതിനു മുമ്പുള്ള സര്‍വേകളില്‍ 80 ലേറെ ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിരുന്നു. പി.എസ്.എം.ഒ. കോളജ് ഭൂമിത്രസേന ക്ലബ്ബിന്റെയും മലപ്പുറം സോഷ്യല്‍ ഫോറസ്‌ട്രി ഡിവിഷന്റെയും ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മയുടെയും മലപ്പുറം ബേഡേഴ്‌സിന്റെയും നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേ പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വിജേഷ് വള്ളിക്കുന്ന് ഉദ്‌ഘാടനം ചെയ്‌തു. ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ പ്രസിഡന്റ് വി.പി. കാദര്‍ ഹാജി അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി മുസ്‌തഫ ചെറുമുക്ക് സ്വാഗതം പറഞ്ഞു. ഈ.പി. സൈദലവി, കെ.വി. ലത്തീഫ്, കൂര്‍മത്ത് ഷഫീഖ് പ്രസംഗിച്ചു. പി.എസ്.എം.ഒ. കോളജ് ഭൂമിത്ര സേന ക്ലബ്ബ് ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ് പി. കബീര്‍ അലി സര്‍വ്വേ ടീമംഗങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. പക്ഷി നിരീക്ഷകരായ വിജേഷ് വള്ളിക്കുന്ന്, നജീബ് പുളിക്കല്‍, അഫ്‌നിദ തലപ്പാറ, അബ്‌ദുള്ള പറമ്പാട്ട്, മുഹമ്മദ് തസ്ലീഖ് പക്ഷി സര്‍വേയ്‌ക്ക് നേതൃത്വം നല്‍കി. ദേശാടന പക്ഷികളായ കുങ്കുമക്കുരുവി, ചെമ്പന്‍ അരിവാള്‍ കൊക്കന്‍, വര്‍ണ്ണക്കൊക്ക്, യുറേഷ്യന്‍ മാര്‍ഷ് ഹാരിയര്‍, പുള്ളിക്കാട കൊക്ക്, ചതുപ്പന്‍ തുടങ്ങിയ പക്ഷികളെ ഇപ്രാവശ്യത്തെ സര്‍വേയില്‍ കണ്ടെത്തിയെങ്കിലുംമുന്‍ വര്‍ഷങ്ങളിലെ സര്‍വ്വേകളില്‍ ഇവിടെ സ്‌ഥിരമായി കണ്ടിരുന്ന ചാരത്തലയന്‍ തിത്തിരി, കന്യാസ്‌ത്രീ കൊക്ക് തുടങ്ങിയ പക്ഷികളെ ഇപ്രാവശ്യം കാണാന്‍ കഴിഞ്ഞില്ല. സോഷ്യല്‍ മീഡിയ വഴി വലിയ പ്രചാരം ലഭിച്ച ചെറുമുക്കിലെ ആമ്പല്‍പാടം കാണാന്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചതും അനിയന്ത്രിതമായ മാനുഷിക ഇടപെടലുകളും കാലാവസ്‌ഥ വ്യതിയാനവും ഇവിടുത്തെ പക്ഷി വൈവിധ്യത്തില്‍ കുറവ് വരാന്‍ കാരണമായിട്ടുണ്ടാകാം എന്ന് സര്‍വ്വേ കോര്‍ഡിനേറ്റര്‍ പി. കബീറലി അഭിപ്രായപ്പെട്ടു.