-->
തിരൂര്‍: മതമൈത്രിയുടെയും മനുഷ്യസ്‌നേഹത്തിന്റെയും സന്ദേശം വിളംബരം ചെയ്‌ത് ബെട്ടത്ത് പുതിയങ്ങാടി നേര്‍ച്ചയ്‌ക്ക് തുടക്കമായി. കഞ്ഞിക്കാരുടെ ആചാരപരമായ വരവോടെയാണ് നേര്‍ച്ചാഘോഷങ്ങള്‍ ആരംഭിച്ചത്. നാളെ വരെ പുതിയങ്ങാടി നേര്‍ച്ചയുടെ ഉത്സവ ലഹരിയിലായിരിക്കും. നേര്‍ച്ച കാണുന്നതിനായി രാവിലെ മുതലേ പതിനായിരങ്ങളാണ് പുതിയങ്ങാടിയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ 11ന് ബി.പി.അങ്ങാടി മത്സ്യമാര്‍ക്കറ്റ് പരിസരം ജനസാഗരമായി മാറി.
ഉച്ചക്ക് പന്ത്രണ്ടോടെ നൂറുകണക്കിന് അരിച്ചാക്കുകള്‍ ചുമന്നുകൊണ്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട കഞ്ഞിക്കാരുടെ വരവ് പുതിയങ്ങാടി യാഹൂ തങ്ങള്‍ ജാറം മൈതാനിയിലെത്തി. നേര്‍ച്ച കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും മുന്നണിയില്‍ അണിനിരന്ന ചടങ്ങില്‍ കഞ്ഞിക്കാരുടെ അരി ഉപയോഗിച്ച് കഞ്ഞിപ്പാര്‍ച്ച നടന്നു. കഞ്ഞി പാചകം ചെയ്‌ത് വിതരണം ചെയ്ുയന്ന ഈ ചടങ്ങിനെയാണ് കഞ്ഞിപ്പാര്‍ച്ച എന്നു വിളിക്കുന്നത്. നേര്‍ച്ചയുടെ സമാപന ദിവസമായ നാളെ വരെ നിത്യവും കഞ്ഞിപ്പാര്‍ച്ച ഉണ്ടാകും. നൂറുകണക്കിന് വിശ്വാസികളാണ് കഞ്ഞിക്കായി നേര്‍ച്ചനഗരിയില്‍ എത്തിയത്. നേര്‍ച്ചയോട് അനുബന്ധിച്ച് ശക്‌തമായ പോലീസ് സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വൈകിട്ട് തിരൂര്‍ ഡിവൈ.എസ്.പി. കൊടി കൈമാറിയതോടെ തിരൂര്‍ പോലീസ് സേ്‌റ്റഷന്‍ പരിസരത്ത് നിന്ന് ഘോഷയാത്ര ആരംഭിച്ചു. കോല്‍ക്കളി, ശിങ്കാരിമേളം, ദഫ്, ബാന്‍ഡ് വാദ്യം എന്നിവയുടെ അകമ്പടിയോടെ ഗജവീരന്മാരെ അണിനിരത്തിക്കൊണ്ടായിരുന്നു കൊടി വരവിന് തുടക്കം. ഉച്ചക്ക് ശേഷം മൂന്നോടെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഘോഷയാത്ര പൂഴിക്കുന്ന് വരെ യാത്ര തുടര്‍ന്ന ശേഷം ജാറം മൈതാനിയിലെത്തി കൊടിയേറ്റം നടന്നു. വരാനിരിക്കുന്ന മൂന്ന് ദിവസങ്ങളില്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള ഘോഷയാത്രകളോടനുബന്ധിച്ച പെട്ടിവരവുകള്‍ ജാറത്തിലേക്ക് എത്തിച്ചേരും. പാതയോരങ്ങളില്‍ സ്‌ഥാനം പിടിച്ച വഴിവാണിഭക്കാര്‍ക്കുമുന്നിലും കലാ-കായിക വിനോദങ്ങള്‍ ഉള്‍പ്പെടുന്ന കാര്‍ണിവല്‍ മൈതാനങ്ങളിലും ഇന്നലെ മുഴുവന്‍ ജനത്തിരക്കായിരുന്നു. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനുള്ള പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണവുമായി തലക്കാട് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയും പ്രദേശത്ത് സജീവമായിരുന്നു.