-->
ചങ്ങനാശേരി: കുറഞ്ഞ ചിലവില്‍ പുതുവര്‍ഷം ആഘോഷിക്കാം, കായല്‍ സൗന്ദര്യം നുകര്‍ന്ന്. സ്‌പെഷല്‍ ബോട്ട് സര്‍വീസ് ഒരുങ്ങി. ജലഗതാഗത വകുപ്പിന്റെ ചങ്ങനാശേരി മേഖലയില്‍ നിന്നും വിനോദ സഞ്ചാരികള്‍ക്കു കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനായാണു സ്‌പെഷല്‍ ബോട്ട് സര്‍വീസ് തുടങ്ങിയത്.
പരീക്ഷണാടിസ്‌ഥാനത്തില്‍ ക്രിസ്‌മസ് ദിനത്തില്‍ ചങ്ങനാശേരി ബോട്ട് ജെട്ടിയില്‍ നിന്നു യാത്ര നടത്തിയിരുന്നു. ജലഗതാഗത വകുപ്പ് സീനിയര്‍ സൂപ്രണ്ട് ഹരികുമാര്‍ കായല്‍ യാത്ര ഉദ്‌ഘാടനം ചെയ്‌തു. സ്‌്റ്റേഷന്‍ മാസ്‌റ്റര്‍ കെ.എം നാസര്‍, മറ്റ് ഉദ്യേഗസ്‌ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യദിനത്തെ യാത്ര സൂപ്പര്‍ ഹിറ്റായി. ആദ്യ യാത്രയില്‍ അറുപതോളം പേര്‍ കാവാലത്തുള്ള രാജപുരം വരെയുള്ള യാത്രയില്‍ പങ്കെടുത്തു. കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബമായാണു പലരും യാത്രയില്‍ പങ്കെടുത്തത്. രാവിലെ 11ന് യാത്ര തിരിച്ച സര്‍വീസ് ഉച്ചകഴിഞ്ഞ് മൂന്നോടെ തിരിച്ചെത്തി. യാത്രയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബോട്ട് യാത്ര നവ്യാനുഭവമായി.
ഞായറാഴ്‌ചകളില്‍ രാവിലെ 11 നും, ഉച്ചകഴിഞ്ഞ് മൂന്നിനും ബോട്ട് ജെട്ടിയില്‍ നിന്നും സര്‍വ്വീസ് ഉണ്ടായിരിക്കും. മറ്റ് അവധി ദിവസങ്ങളില്‍ രാവിലെ 11 ന് സര്‍വീസ് നടത്തും. ഒരാള്‍ക്ക് 200 രൂപയാണു ടിക്കറ്റ് ചാര്‍ജ്. മൂന്നു മണിക്കൂര്‍ നീളുന്ന യാത്ര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടനാടിന്റെ കാഴ്‌ച്ചകള്‍ കണ്ടു കൊണ്ടുള്ള മനോഹരമായ ഒരു ഓര്‍മ്മയായിരിക്കും സമ്മാനിക്കുന്നത്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9400050343. ജലഗതാഗതവകുപ്പിന്റെ ടൂറിസം വികസനം ലക്ഷ്യമാക്കി അഞ്ച് പുതിയ ബോട്ടുകള്‍ സര്‍വീസിനായി ലഭ്യമാക്കുന്നുണ്ട്. ചങ്ങനാശേരിയില്‍ നിന്നുള്ള ടൂറിസം വികസനത്തിന്റെ ഭാഗമായി ഒരെണ്ണം ലഭ്യമാക്കണമെന്ന ആവശ്യം ശക്‌തമാണ്. ഇക്കാര്യത്തില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നു ജോബ് മൈക്കിള്‍ എം.എല്‍.എ പറഞ്ഞു.