-->
വനപാലകരുടെ പരിചരണം മലമാനിന് ആശ്വാസമായി. ഇടതുകൊമ്പിന്റെ അടിഭാഗത്ത് പുഴുക്കള്‍ കൊണ്ടു നിറഞ്ഞ ഭാഗം വൃത്തിയാക്കി മരുന്ന് വെച്ചാണ് വനപാലകര്‍ മലമാനിന് രക്ഷകയാത്. കൊട്ടിയൂര്‍ ഫോറസ്‌റ്റ് റേഞ്ചിന് കീഴിലെ കീഴ്‌പ്പള്ളി മണത്തണ സെക്ഷന്‍ അതിര്‍ത്തിയിലുള്ള ഓടംതോട് പുഴയില്‍ അവശനിലയിലായ മലമാനിന് രക്ഷകരായി വനപാ ലകര്‍. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ ആറളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഓടംതോട് അയ്പ്പയക്ഷേത്രത്തിന് പിന്നിലെ പുഴയില്‍ അനങ്ങാതെ കിടക്കുന്ന മലമാനിനെ കണ്ട നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു.
കൊട്ടിയൂര്‍ റേഞ്ച് മണത്തണ സെക്ഷന്‍ ഫോറസ്‌റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്‌ഥലത്തെത്തി. നാല് വയസ് തോന്നിക്കുന്ന ഇരുകൊമ്പുകളുള്ള ആണ്‍മാനിന്റെ ദേഹത്ത് മുറിവുകളോ, പരിക്കുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇടതുകൊമ്പിന്റെ അടിഭാഗത്ത് ചോര പൊടിയുന്ന നിലയിലായിരുന്നു. പ്രകൃത്യാ കൊമ്പ് പൊഴിഞ്ഞുണ്ടാകുന്ന മുറിവില്‍ ഈച്ചകള്‍ മുട്ടയിട്ട് പുഴുവരിച്ചതാണ് മലമാന്‍ അവശനിലയിലാകാന്‍ കാരണമായതെന്ന് വനപാലകര്‍ പറഞ്ഞു. പുഴുക്കളുടെ ശല്യം സഹിക്കാനാവാതെയാണ് മാന്‍ പുഴയിലെ വെള്ളത്തില്‍ അഭയം തേ ടിയതെന്ന് കരുതുന്നു. ഉദ്യോഗസ്‌ഥര്‍ മാനിനെ കരയ്‌ക്കെത്തിച്ച് മുറിവിലെ പുഴുക്കളെ നീക്കം ചെയ്‌ത് മരുന്നുവച്ച് കെട്ടുകയായിരുന്നു. നിലവില്‍ വനപാലകരുടെ നിരീക്ഷണത്തിലാണ് മലമാന്‍. ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്‌ക്ക് വനത്തിലേക്ക് തുറന്നുവിടുമെന്നും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
കെ പി. അനില്‍ കുമാര്‍
മട്ടന്നൂര്‍