-->
തൊടുപുഴ: നാടും നഗരവും മാലിന്യമുക്‌തമാക്കാന്‍ ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുന്നേറ്റം. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചത്.
ഈ വര്‍ഷം ഇതുവരെ ജില്ലയിലെ എന്‌ഫോഴ്‌സ്മെന്റ് സ്‌ക്വാഡുകള്‍ 1863 പരിശോധനകള്‍ നടത്തി. 649 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇവയില്‍ 493 കേസുകളില്‍ 36,78,000 രൂപയാണ് പിഴയീടാക്കിയത്. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്‌റ്റിക് ഡിസ്‌പോസിബിള്‍ വസ്‌തുക്കളുടെ നിരോധനത്തിന് ഹൈക്കോടതിയുടേതുള്‍പ്പെടെ നിരവധി ഉത്തരവുകളും സര്‍ക്കുലറുകളും ഉണ്ടായിട്ടുമാണ് ഇത്രയും നിയമലംഘനങ്ങള്. ജില്ലാതലത്തില് രണ്ട് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.
പിഴ ഈടാക്കുന്നത് അതാത് തദ്ദേശ സ്‌ഥാപനങ്ങളും. സ്‌ക്വാഡ് സംവിധാനത്തിന് പുറമേ 9446700800 വാട്‌സ് ആപ്പ് നമ്പറിലൂടെ റിപ്പോര്‍ട്ട് ചെയ്യുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെയും നടപടികളുണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്‌തികള്‍ക്ക് പിഴയുടെ 25 ശതമാനം പാരിതോഷികം നല്‍കും. നടപടികള്‍ ഇങ്ങനെ നിരോധിത വസ്‌തുക്കളുടെ സംഭരണം, വില്‍പ്പന, ഉപയോഗം എന്നിവയ്‌ക്ക് പുറമേ പൊതുസ്‌ഥലങ്ങളുടെയും ജലാശയങ്ങളുടെയും മലിനീകരണം, മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍,മലിനജലം ഒഴുക്കല്‍ തുടങ്ങി എല്ലാത്തരം നിയമലംഘനങ്ങള്‍ക്കെതിരെയും നടപടിയുണ്ട്. ജില്ലാ സ്‌ക്വാഡുകള്‍ക്ക് പുറമേ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളും തദ്ദേശസ് ഥാപനതല വിജിലന്‍സ് സ്‌ക്വാഡുകളുമുണ്ട്. തൊടുപുഴ, ഇളംദേശം, കട്ടപ്പന, അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും കട്ടപ്പന, തൊടുപുഴ നഗരസഭകളിലുമാണ് ഒരു സ്‌ക്വാഡ്. രണ്ടാം സ്‌ക്വാഡ് ഇടുക്കി, ദേവികുളം, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ്. ഐവിഓമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഒന്നിന് തൊടുപുഴ നഗരസഭയുടെയും തൊടുപുഴ, ഇളംദേശം ബ്ലോക്കുകളുടെയും സ്‌ക്വാഡ് രണ്ടിന് അടി മാലി ദേവികുളം ബ്ലോക്കുകളുടെയും സ്‌ക്വാഡ് മൂന്നിന് കട്ടപ്പന, ഇടുക്കി ബ്ലോക്കുകളുടെയും ചുമതലയാണുള്ളത്.