-->
മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലുണ്ടായ വെടിക്കെട്ട് അപകടത്തെത്തുടര്‍ന്ന് പള്ളിയിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു.
അപകടത്തില്‍ തൊഴിലാളിയായ രവി മരിക്കുകയും കരാറുകാരന്‍ ജെയിംസിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ് ഭരണസമിതിയുടെ അടിയന്തര തീരുമാനം.പെരുന്നാളിനോടനുബന്ധിച്ച് നിശ്‌ചയിച്ചിരുന്ന സ്‌നേഹസദ്യ, ചെണ്ടമേളം, ബാന്‍ഡ് സെറ്റ്, വര്‍ണ്ണാഭമായ ദീപാലങ്കാരങ്ങള്‍ എന്നിവയെല്ലാം റദ്ദാക്കി. പള്ളിയില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച രവിയുടെ കുടുംബത്തിന് പള്ളി ഭരണസമിതി ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജെയിംസിന്റെ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും പള്ളി ഏറ്റെടുക്കും.ഇന്നലെ രാവിലെ കതിന നിറയ്‌ക്കുന്നതിനിടെയുണ്ടായ സ്‌ഫോടനമാണ് ദുരന്തത്തിന് കാരണമായത്.മരിച്ച രവിയുടെ മൃതദേഹം സംസ്‌കരിച്ചു.