-->
ആലപ്പുഴ: ക്രിസ്‌മസ് പുതുവത്സര അവധി ആഘോഷങ്ങള്‍ക്കായി ജില്ലയിലേക്കു സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ഹൗസ്‌ബോട്ടുകളും ഹോട്ടലുകളും റിസോര്‍ട്ടുകളും ഉള്‍പ്പെടെയുള്ളവയില്‍ ബുക്കിങ് കൂടി.
ഇപ്പോള്‍ അഭ്യന്തര വിനോദ സഞ്ചാരികളാണ് 90 ശതമാനവും. ഹൗസ്‌ബോട്ട് യാത്രയാണു കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷി ക്കുന്നതെങ്കിലും ജില്ലയിലേക്കു വരുന്നവരില്‍ ഭൂരിഭാഗവും ബീച്ചുകള്‍ കൂടി സന്ദര്‍ശിച്ചാണ് മടങ്ങുന്നത്.
തിരക്കുള്ളതിനാല്‍ ഹോംസ്‌റ്റേകളിലും മറ്റും സാധാരണ നിരക്കിന്റെ ഇരട്ടി നിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്. 1000 10000 രൂപ വരെയുള്ള റൂമുകളാണു ജില്ലയില്‍ ലഭ്യം. സമാന സ്‌ഥിതിയാണു ഹൗസ്‌ബോട്ടുകളിലും. വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കൂട്ടമായി എത്തിയതു ജില്ലയുടെ ടൂറിസം മേഖലയ്‌ക്കും ഗുണകരമായി. അഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണു വന്‍വര്‍ധനയുണ്ടായത്. ഇതോടെ ഭൂരിഭാഗം ഹൗസ്‌ബോട്ടുകള്‍ക്കും ഓട്ടം ലഭിച്ചു. പ്രളയവും കോവിഡും കാരണം നേരത്തെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെങ്കിലും വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിരുന്നില്ല. ഇപ്പോള്‍ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടതും സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിച്ചു. ഹൗസ്‌ബോട്ട് യാത്ര ആസ്വദിക്കാന്‍ കൂടുതല്‍ സംഘങ്ങളെത്തി. അയല്‍ജില്ലകളില്‍ നിന്നുള്ളവരും കൂട്ടമായി എത്തുന്നുണ്ട്.