-->
അമ്പലവയല്‍: കാലാവസ്‌ഥാനുസൃതവും സുസ്‌ഥിരവുമയ കൃഷി പ്രോത്സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് മികച്ച വിപണി, ന്യായമായ വില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ 2365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ്.
അമ്പലവയല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ട്രെയിനിങ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്‌ഥാനത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്‌ക്ക് നിരവധി പദ്ധതികളാണ് നടപ്പാക്കിയതെന്നും 40 വര്‍ഷത്തിനിടയില്‍ സംസ്‌ഥാനത്ത് കൃഷി വകുപ്പ് നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് കേരയെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ കാപ്പി കൃഷിക്കായി പ്രത്യേക പദ്ധതികളും കേര പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 25 സെന്റ്‌മുതല്‍ 10 ഹെക്‌ടര്‍ വരെ സ്‌ഥലത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് കേര പദ്ധതി മുഖേന സഹായം ലഭിക്കുക. 32000 കര്‍ഷകര്‍ക്ക് നാലു വര്‍ഷം കൊണ്ട് കാലാവസ്‌ഥ അനുയോജ്യമായ കൃഷി രീതികളില്‍ പരിശീലനം നല്‍കും. വിപണനം, വള പരിചരണം, ജലസേചനം, ജല സംഭരണ സംവിധാനം, സാമ്പത്തിക സഹായം, ഗുണമേന്മയുള്ള തൈകള്‍ ഉത്‌പാദിപ്പിക്കാന്‍ നഴ്‌സറികള്‍ക്ക് സഹായം തുടങ്ങിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.
കാര്‍ഷിക മേഖലയില്‍ കാലാവസ്‌ഥ അധിഷ്‌ഠിത ഇന്‍ഷുറന്‍സ് പദ്ധതി 14 ജില്ലകളിലും നടപ്പിലാക്കി. ജനുവരി 15 വരെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം. നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കുരുമുളക് കര്‍ഷകര്‍ നേരിടുന്ന മഞ്ഞളിപ്പ് രോഗത്തിന് പരിഹാരം കാണാന്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസര്‍ച്ച് സെന്ററും കാര്‍ഷിക വകുപ്പും സംയുക്‌തമായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രാഥമിക കൃഷിക്ക് പുറമെ സെക്കന്‍ഡറി കൃഷിക്കും തുല്യ പ്രാധാന്യം നല്‍കുന്നുണ്ട്. നാച്ചുറല്‍ ഫാമിങ് വ്യാപിപ്പിച്ചതിലൂടെ വിഷ രഹിതമായ ഭക്ഷണം ഉറപ്പാക്കാന്‍ സാധിച്ചു.