-->
കോഴഞ്ചേരി: ഫെബ്രുവരി രണ്ടും മൂന്നും വാരങ്ങളിലായി പമ്പാ മണല്‍പ്പുറത്തു നടക്കുന്ന മാരാമണ്‍, ചെറുകോല്‍പ്പുഴ ആധ്യാത്മിക സമ്മേളനങ്ങള്‍ക്കായി തീരത്ത് ഒരുക്കങ്ങള്‍ ആരംഭിച്ചു.
മാരാമണ്‍
കണ്‍വന്‍ഷന്‍
131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് മാര്‍ത്തോമ്മാ സഭ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ രാവിലെ 7.30 ന് നിര്‍വഹിക്കും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിലും സഭയിലെ തിരുമേനിമാരുടെ സാന്നിദ്ധ്യത്തിലുമാണ് കാല്‍നാട്ട് നടക്കുന്നത്.
ഫെബ്രുവരി 8 മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത് ഒരുക്കുന്ന വിശാലമായ പന്തലില്‍ കണ്‍വന്‍ഷന്‍ നടക്കും. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന പന്തലിന്റെ നിര്‍മ്മാണത്തിനാണ് പമ്പാ നദിയുടെ തീരത്തെ മണല്‍ത്തിട്ട ഒരുങ്ങുന്നത്. പമ്പാ നദിയുടെ കരയില്‍ നിന്ന് മണല്‍പ്പുറത്തേക്കുള്ള 3 താത്‌കാലിക പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. ചെപ്പള്ളി പുരയിടത്തില്‍ നിന്ന് മണല്‍പ്പുറത്തേക്കുള്ള പാലം നിര്‍മ്മാണം പൂര്‍ത്തിയായി. അരമനകടവ്, മുക്കരണ്ണത്ത് കടവ് എന്നിവിടങ്ങളില്‍നിന്ന് മണല്‍പ്പുറത്തേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ ജനറല്‍ കണ്‍വീനറായി പ്ര?ഫ. ഏബ്രഹാം പി. മാത്യു (ലേഖക സെക്രട്ടറി), റവ. ജിജി വറുഗീസ് (സഞ്ചാര സെക്രട്ടറി), ഡോ. എബി തോമസ് വാരിക്കാട് (ട്രഷറാര്‍) എന്നിവര്‍ ഔദ്യോഗിക ചുമതലക്കാരായുള്ള വിവിധ സബ് കമ്മറ്റികള്‍ നേതൃത്വം നല്‍കുന്നു.
ചെറുകോല്‍പ്പുഴ
ഹിന്ദുമത പരിഷത്ത്
അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 114-ാമത് ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 15 മുതല്‍ 22 വരെ പമ്പാ മണല്‍പ്പുറത്ത് ശ്രീവിദ്യാധിരാജ നഗറില്‍ നടക്കും. ഹിന്ദുമത പരിഷത്തിന് വേദിയാകുന്ന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നാളെ രാവിലെ 10 നും 10.30 നും മദ്ധ്യേ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി. എസ്. നായര്‍ നിര്‍വ്വഹിക്കുമെന്ന് ജനറല്‍ സെക്രട്ടറി എ. ആര്‍. വിക്രമന്‍പിള്ള അറിയിച്ചു.
പരിഷത്തിന് വേദിയാകുന്ന പമ്പാ മണല്‍പുറത്ത് പുലര്‍ച്ചെ അഞ്ചിന് ആചാര്യ സുനില്‍ മഹാദേവന്റെ കാര്‍മ്മികത്വത്തില്‍ ഗണപതി ഹോമവും ഭൂമി പൂജയും നടക്കും.