-->
കോട്ടയം: മദ്യപിച്ചോ അമിതവേഗത്തിലോ വാഹനമോടിച്ചാല്‍ അപകടമുണ്ടാകുമെന്നും തന്റെയും മറ്റുള്ളവരെുടെയും ജീവഹാനിയിലേക്കു വരെ അത് എത്തിച്ചേക്കാമെന്നും അറിയാത്തവര്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ മദ്യപിച്ചു വാഹനം ഓടിച്ചുണ്ടാക്കുന്ന അപകടങ്ങളില്‍ പോലീസ് ചുമത്തുന്നതു മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്ന വകുപ്പാണ്. പോലീസ് വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 2423 വാഹനാപകടങ്ങളിലായി 197 പേര്‍ മരണപ്പെട്ടു. ഈ അപകടങ്ങളില്‍ ഭൂരിഭാഗവും മനപ്പൂവമല്ലാത്ത നരഹത്യയ്‌ക്കാണു കേസെടുത്തിരിക്കുന്നത്.
സ്വന്തം കാര്യം നോക്കി റോഡ് സൈഡിലൂടെ നടന്നുപോയാലും ഇന്നു മുന്‍പേ ജീവന്‍ തിരിച്ചു കിട്ടുമെന്നു യാതൊരു ഉറപ്പുമില്ല. ഏതു നിമിഷവും ചീറിപ്പാഞ്ഞെത്തുന്ന വാഹനം ജീവന്‍ എടുത്തേക്കാം. വാഹനം ഓടിച്ചവര്‍ നിസാര ശിക്ഷകളോടെ രക്ഷപെടുകയും ചെയ്യും. വാഹനാപകടങ്ങളില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കേ കേസെടുക്കൂ എന്ന പോലീസിന്റെ പിടിവാശിയാണ് ഇക്കൂട്ടര്‍ക്കു വളംവെക്കുന്നത്. അമിത വേഗത്തില്‍ റേസിങ് നടത്തിയും മദ്യപിച്ചു കാറോടിച്ചും ആളെ ഇടിച്ചുകൊന്നാലും മനപ്പൂര്‍വമല്ലാത്ത നരഹത്യയാണു കുറ്റം.
സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണു ചിങ്ങവനം പോലീസ് കേസ് എടുത്തിരിക്കുന്നത്. ജീവിക്കാനായി ലോട്ടറി വിറ്റു പണം സമ്പാദിക്കാന്‍ ഇറങ്ങിയ ഒരു വയോധികന്റെ ജീവനാണ്. തങ്കരാജിനെ പോലെ നൂറുകണിക്കിനു പേരാണ് ഓരോ വര്‍ഷവും വാഹനാപകടങ്ങളില്‍ മരിച്ചു വീഴുന്നത്. അതിലേറെ പേര്‍ മരിച്ചു ജീവിക്കുകയും ചെയ്യുന്നു.
കര്‍ശന നിയമങ്ങളുണ്ടെങ്കിലും മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉപയോഗിച്ചു നിസാര ശിക്ഷയുമായി രക്ഷപ്പെടുന്നവര്‍ ഏറെയാണ്. അപകടങ്ങളില്‍ ഒരു ചെറിയ വിഭാഗമെങ്കിലും മനപ്പൂര്‍വം ഉണ്ടാക്കുന്ന വാഹനാപകടങ്ങളാണ്. ഇത്തരം കുറ്റകൃത്യങ്ങളും സ്വാഭാവിക അപകടങ്ങളായി കണ്ട് മനപ്പൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുക്കുകയാണു പോലീസ് ചെയ്യുന്നത്. അപൂര്‍വം സംഭവങ്ങളില്‍ മാത്രം ഇവ പരിശോധിക്കപ്പെടും.
ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുമ്പോഴോ അന്വേഷണത്തില്‍ സ്വാഭാവികമായി എന്തെങ്കിലും ദുരൂഹത കണ്ടാലോ മാത്രമാണ് ഇവയുടെ പിന്നാലെ പോലീസ് ഇറങ്ങൂ. ഇത് ഒരു അവസരമായി മുന്നില്‍ക്കണ്ടു ക്വട്ടേഷന്‍ സംഘങ്ങള്‍ ഈ രംഗത്തു സജീവമാണ്. സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്ത ഇടങ്ങള്‍ നോക്കി അപകടം ഉണ്ടാക്കി കടന്നു കളഞ്ഞാല്‍ പ്രതികളെ പിടികൂടുക അത്ര എളുപ്പമല്ല. ആയിരക്കണക്കിനു സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാലേ ചിലപ്പോള്‍ എന്തെങ്കിലും തുമ്പു കിട്ടൂ. കറുകച്ചാലില്‍ യുവതി കാര്‍ ഇടിച്ചു മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞിരുന്നു. അന്നു സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണു കാറും പ്രതികളെയും കണ്ടെത്താനായത്.