-->
അതിരമ്പുഴ: മാന്നാനം ആശ്രമദൈവാലയത്തില്‍ ഡിസംബര്‍ 26 ന് അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് തച്ചാപറമ്പത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ച് കഴിഞ്ഞ 9 ദിവസങ്ങളിലായി വിവിധ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിച്ചുവന്നിരുന്ന വിശുദ്ധ ചാവറപിതാവിന്റെ തിരുനാള്‍ സമാപിച്ചു.
തിരുനാള്‍ സമാപന ദിവസമായ ഇന്നലെ രാവിലെ 6.00 നും 8.00 നും വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്‌ഥപ്രാര്‍ഥന എന്നീ തിരുക്കര്‍മ്മങ്ങള്‍ നടന്നു. 11.00 മണിക്കുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്‌ക്ക് സി.എം.ഐ. സഭയില്‍ ഈ വര്‍ഷം പുരോഹിതപട്ടം സ്വീകരിച്ച് നവവൈദികര്‍ കാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയ്‌ക്കു ശേഷം നടന്ന ചരിത്രപ്രസിദ്ധമായ പിടിയരി ഊട്ടുനേര്‍ച്ചയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈകിട്ട് 5.00 നുള്ള വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്‌ഥപ്രാര്‍ഥന എന്നീ തിരുക്കര്‍മ്മങ്ങള്‍ക്ക് ചെത്തിപ്പുഴ തിരുഹൃദയാശ്രമം പ്രിയോര്‍ റവ.ഡോ. തോമസ് കല്ലുകളം സി.എം.ഐ. മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. അന്റു കൈപ്രമ്പടാന്‍ സി.എം.ഐ., ഫാ.സോബിന്‍ കിഴക്കയില്‍ സി.എം.ഐ. എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികരായി വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം തിരുസ്വരൂപം വഹിച്ചുകൊണ്ടു വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, മാന്നാനം ജങ്‌ഷനിലുള്ള ഫാത്തിമമാതാ കപ്പേളയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സീറോ മലബാര്‍ സഭ പി.ആര്‍ ഓ. ഫാ. ടോം ഓലിക്കരോട്ട് തിരുനാള്‍ സന്ദേശം നല്‍കി. പ്രദക്ഷിണം ദൈവാലയത്തിലെത്തിയതിനുശേഷം തിരുശേഷിപ്പ് വണക്കം. കൊടിയിറക്കല്‍ എന്നീ തിരുക്കര്‍മ്മങ്ങളോടെ തിരുനാളിനു സമാപനമായി.