-->
അടിമാലി: ദേശീയപാതാ നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വീടിനു ള്ളില്‍പ്പെട്ട് കാല്‍ നഷ്‌ടപ്പെട്ട വീട്ടമ്മ മൂന്നുമാസം പിന്നിട്ട് ശേഷവും സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കേണ്ട ഗതികേടിലാണ്.
ദുരന്തത്തില്‍ ഭര്‍ത്താവ് നഷ്‌ടപ്പെട്ട സന്ധ്യയും മകളും തലചായ്‌ക്കാന്‍ ഇടമില്ലാതെ ദുരിതത്തിലാണിപ്പോള്‍. 2025 ഒകേ്‌ടാബര്‍ 25ന് രാത്രിയിലാണ് അടിമാലി ലക്ഷംവീട് നഗറിലേക്ക് മണ്ണിടിഞ്ഞ് വീണ് 9 വീടുകള്‍ പൂര്‍ണമായി മണ്ണിനടിയില്‍ ആവുകയും സന്ധ്യയുടെ ഭര്‍ത്താവ് മരി ക്കുകയും ചെയ്‌തത്.
അന്നത്തെ ദുരന്തത്തില്‍ കാല്‍ നഷ്‌ടപ്പെട്ട ലക്ഷംവീട് നഗറിന് സമീപം താമസിച്ചിരുന്ന നെടുമ്പിള്ളികുടി സന്ധ്യയാണ് സര്‍ക്കാര്‍ സഹായം കാത്ത് കഴിയുന്നു. ദുരന്തത്തില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരണപ്പെട്ടിരുന്നു. വീട് പൂര്‍ണമായും മണ്ണിനടിയിലായി.
39 ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഒടുവില്‍ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. ഇപ്പോള്‍ ബന്ധുവീട്ടില്‍ വന്നിട്ട് ഒന്നര മാസം കഴിയുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്‌ദാനം ഇതുവരെയും ലഭിച്ചിട്ടില്ല. ഇവര്‍ക്ക് വേണ്ടപ്പെട്ടവരും ബന്ധുക്കളും ഇവര്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
കാല്‍ നഷ്‌ടപ്പെട്ട സന്ധ്യയ്‌ക്ക് പരസഹായം ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്. എറണാകുളത്തെ ചികിത്സാസമയത്ത് മമ്മൂട്ടി ഫൗണ്ടേഷന്‍ സഹായിച്ചു.
കൃത്രിമ കാല്‍ വച്ച് തരാം എന്ന് ഇവര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സന്ധ്യ പറയുന്നു. റോഡ് നിര്‍മ്മിച്ച കരാര്‍ കമ്പനി മൂന്ന് ലക്ഷം രൂപ നല്‍കി. ദുരന്തമുണ്ടായ സമയത്ത് സര്‍ക്കാര്‍ 15,000 രൂപ നല്‍കി. ഒരു ലക്ഷം രൂപ അടിയന്തര ചികിത്സയായി നല്‍കുമെന്ന് അന്ന് കലക്‌ടര്‍ പ്രഖ്യാപിച്ചിരു ന്നതാണ്. എന്നാല്‍ ഈ തുക ഇതുവരെ ലഭിച്ചിട്ടില്ല. ഇത് പ്രകൃതി ദുരന്തമല്ല മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതാണ് സാമ്പത്തിക സഹായം വൈകുവാന്‍ കാരണം. ഇനിയിപ്പോള്‍ തുടര്‍ ചികിത്സയ്‌ക്ക് പണമില്ലാതെ ഈ വീട്ടമ്മ ദുരിതത്തിലാണ്. പ്രായപൂര്‍ത്തിയായ ഒരു മകളുണ്ട്.
ഇപ്പോള്‍ ബന്ധുവീട്ടിലാണ് താമസം. എത്രദിവസം ഇവിടെ കഴിയുമെന്നാണ് സന്ധ്യയുടെ ചോദ്യം. സര്‍ക്കാരോ, നിര്‍മ്മാണ കമ്പനിയോ മുന്‍കൈയെടുത്ത് നഷ്‌ടപ്പെട്ടുപോയ വീടിനു പകരം പുതിയ ഒരു വീട് നിര്‍മ്മിച്ചുനല്‍കണമെന്നാണ് സന്ധ്യയുടെ ആവശ്യം. ലക്ഷംവീട് നഗറിലെ ഒന്‍പത് വീടുകളാണ് അന്ന് പൂര്‍ണമായും തകര്‍ന്നത്. അഞ്ചുദിവസം ഇവരെ അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചു. പിന്നീട് വാടക വീടുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി.
വാടക സര്‍ക്കാര്‍ നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍ മൂന്നുമാസം ആയിട്ടും ഒരു കുടുംബത്തിനു പോലും സര്‍ക്കാരോ, ദേശീയപാത നിര്‍മ്മാണ കമ്പനിയോ വാടക കാശ് നല്‍കിയിട്ടില്ല. പലര്‍ക്കും വാടകവീടുകളില്‍നിന്നും മാറേണ്ട അവസ്‌ഥ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയമായതിനാല്‍ അന്ന് പലരും സഹായ ത്തിന് ഓടിയെത്തിയതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആരെയും കാണാനില്ല.
കത്തിപ്പാറയിലെ വൈദ്യുതി ബോര്‍ഡിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയ ഒന്‍പത് കുടുംബങ്ങളും ദുരിതത്തിലാണ്.