-->
മുതലക്കോടം: കലുങ്ക് പണിയാനായി റോഡ് തടസപ്പെടുത്തിയിട്ട് ഒരുമാസം. മുതലക്കോടം മഠത്തിക്കണ്ടം റോഡില്‍ പഞ്ഞംകുളം ഭാഗത്താണ് കലുങ്കുപണിയാനായി ഗതാഗതംതടഞ്ഞത്. ഒരുമാസത്തിനുള്ളില്‍ കലുങ്കു പണിതീര്‍ത്ത് ഗതാഗതത്തിന് റോഡ് തുറന്നുനല്‍കുമെന്ന് കലുങ്ക് പണിയാനായിഗതാഗതം തടഞ്ഞപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ മാസം ഒന്നുകഴിഞ്ഞിട്ടും കലുങ്കുപണി പൂര്‍ത്തിയാക്കിയില്ല.
മഠത്തിക്കണ്ടം, പെട്ടേനാട് പഞ്ഞംകുളം, ജവഹര്‍റോഡ് ഭാഗം എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് മുതലക്കോടത്ത് വിവിധ ആവശ്യങ്ങള്‍ക്കായി കിലോമീറ്ററുകള്‍ ചുറ്റി യാത്ര ചെയ്യേ ണ്ടത്. വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വാഹനങ്ങളും ഇതുവഴിവരാത്തതിനാല്‍ കിലോമീറ്ററുകള്‍ അകലെ വരെ കുട്ടികളെ കൊണ്ടു പോയിവിടേണ്ട അവസ്‌ഥയാണ്.
കലുങ്കുപണിത് സമീപനപാത മണ്ണിട്ടുപൊക്കിയെങ്കില്‍ മാത്രമേ ഇതുവഴി വാഹനംകടത്തിവിടാന്‍കഴിയുകയുള്ളു. എട്ടുവര്‍ഷമായി നന്നാക്കതെ തകര്‍ന്നുകിടക്കുന്ന മുതലക്കോടം- മഠത്തിക്കണ്ടം റോഡ് തടസങ്ങള്‍ നീങ്ങി പണിയാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. പി.ജെ ജോസഫ് എം.എല്‍.എ അനുവദിച്ച ഇരുപത്തിയോഴു ലക്ഷവും നഗരസഭ പ്രത്യേകമായി അനുവദിച്ച 18 ലക്ഷം രൂപയും ഉപയോഗിച്ചാണ് കലുങ്കും റോഡും പണിയുന്നത്.
കലുങ്കുപണിയുടെ പേരില്‍ ഒരുമാസത്തിലേറെയായി തടഞ്ഞിട്ടുള്ള ഗതാഗതം പുനസ്‌ഥാപിക്കണമെന്നും റോഡുപണി വേഗം പൂര്‍ത്തിയാക്കാന്‍ നഗരസഭ അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.