-->
മാനന്തവാടി: കല്ലോടി വെള്ളമുണ്ട തോട്ടോളിപ്പടി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതായി പരാതി. വര്‍ഷങ്ങളായി ഗതാഗത യോഗ്യമല്ലാതായി കിടക്കുന്ന കല്ലോടി പാതിരിച്ചാല്‍ വെള്ളമുണ്ട തോട്ടോളിപ്പടി റോഡ് നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി നാട്ടുകാര്‍. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ റോഡ് നന്നാക്കാതെ വോട്ടില്ല എന്നും റോഡ് നന്നാക്കാന്‍ കഴിവില്ലാത്തവര്‍ വോട്ട് ചോദിച്ച് വരണ്ട എന്നും കാണിച്ച് ഇവിടെ പോസ്‌റ്ററുകള്‍ പതിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പുതിയ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റോഡ് നവീകരണം പുനരാരംഭിക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.കഴിഞ്ഞ 15 വര്‍ഷത്തോളമായി എടവക വെള്ളമുണ്ട പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കല്ലോടി പാതിരിച്ചാല്‍ ഒഴുക്കന്‍ മുല റോഡ് നവീകരിച്ചിട്ടില്ല. വലിയ ഗര്‍ത്തങ്ങള്‍ നിറഞ്ഞ റോഡ് നവീകരിക്കണമെന്ന ആവശ്യം പ്രദേശവാസികളില്‍ നിന്ന് ഏറെക്കാലമായി ഉയര്‍ന്നിരുന്നു. ദീര്‍ഘകാലത്തെ മുറവിളികള്‍ക്ക് ഒടുവിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ വികസന വകുപ്പിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരിക്കാന്‍ തുടങ്ങിയത്.
8.5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നവീകരണം 2024 ജൂണ്‍ 25നാണ് ആരംഭിച്ചത്. 6.43 കോടി രൂപ ചെലവില്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ റോഡ് പണി തുടങ്ങിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എടയന്നൂര്‍ കെഎംടി കമ്പനിയാണ് കരാര്‍ എടുത്തത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ആശുപത്രികളും അടക്കം വിവിധ സ്‌ഥാപനങ്ങളിലേക്ക് നുറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. നവീകരണം നീണ്ട് പോകുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.