Friday, March 13, 2026 Last Updated 46 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.08 AM

കടുവാ സാന്നിധ്യം; ഭയന്നു വിറച്ച്‌ കര്‍ഷകര്‍

uploads/news/2026/01/818777/1.jpg

പാടിച്ചിറ: കടുവാ സാന്നിധ്യം മൂലം ഭയന്നു വിറച്ച്‌ ആശങ്കയിലായി കര്‍ഷകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ തോട്ടത്തില്‍ പലയിടങ്ങളിലും പടക്കം പൊട്ടിച്ച്‌ കടുവയോ, മറ്റുവന്യമൃഗങ്ങളോ ഇല്ലെന്ന്‌ ഉറപ്പുവരുത്തിയ ശേഷമാണ്‌ തൊഴിലാളികള്‍ തോട്ടങ്ങളില്‍ കയറിയത്‌. കഴിഞ്ഞവര്‍ഷവും ഈ സമയത്ത്‌ പാടിച്ചിറ, തറപ്പത്തുകവല, സേവ്യംകൊല്ലി പ്രദേശങ്ങളില്‍ കടുവയെത്തിയിരുന്നു. ഇവിടെ കാടുമൂടിയ തോട്ടങ്ങളില്‍ ദിവസങ്ങളോളം തമ്പടിച്ചു കടുവയെതേടി ദിവസങ്ങളോളം തിരച്ചിലും നടത്തിയിരുന്നു.
കഴിഞ്ഞദിവസം മേലെപാടിച്ചിറയില്‍ കടുവ റോഡു മുറിച്ചുകടന്നതിനെ തുടര്‍ന്ന്‌ വനപാലകരും നാട്ടുകാരും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിരുന്നു. അന്നുമുതലാണ്‌ വിളവവെടുപ്പും തടസ്സപ്പെട്ടത്‌. തോട്ടത്തില്‍ കയറാന്‍ കര്‍ഷകര്‍ ഭയപ്പെടുന്നു. സംരക്ഷണമില്ലാതെ വിളവെടുപ്പിനില്ലെന്നു തൊഴിലാളികളും നിലപാടെടുത്തതോടെയാണ്‌ പന്തവും പടക്കവുമെല്ലാമായി കര്‍ഷകര്‍ തൊഴിലാളികള്‍ക്കു കാവലൊരുക്കുന്നത്‌. ആദ്യം പടക്കം പൊട്ടിച്ച്‌ തോട്ടം സുരക്ഷിതമെന്നുറപ്പാക്കിയ ശേഷമേ തൊഴിലാളികളെ പ്രവേശിപ്പിക്കുകയുള്ളുവെന്ന്‌ പാടിച്ചിറയിലെ കര്‍ഷകന്‍ കടുപ്പില്‍ ഷൈന്‍ ഐസക്‌ പറയുന്നു. കാപ്പിയെല്ലാം പഴുത്തതിനാല്‍ ഇനി വിളവെടുപ്പ്‌ വൈകിപ്പിക്കാനുമാകില്ല ഇരുട്ടായാല്‍ പിന്നെ പടക്കത്തിനു പുറമെ പന്തവും ആയുധങ്ങളുമായി വേണം പറമ്പിലിറങ്ങാന്‍. വിളവെടുപ്പ്‌ സമയത്തെ വന്യമൃഗഭീഷണി കര്‍ഷകരെ ശരിക്കും വലയ്‌ക്കുകയാണ്‌. ജീവന്‍ ഭയന്ന്‌ പലരും പണിക്കു പോകാറില്ല. ഇതിനിടെ പലേടത്തും ഉല്‍പന്ന മോഷണം കാര്യമായി നടക്കുന്നുമുണ്ട്‌. അടയ്‌ക്കാ, കാപ്പി, തേങ്ങ, വാഴക്കുല എന്നിവയാണ്‌ കര്‍ഷകര്‍ക്കു നഷ്‌ടമാകുന്നത്‌. വനയോര മേഖലയില്‍ വന്യമൃഗങ്ങളെ ഭയന്ന്‌ കര്‍ഷകര്‍ പുറത്തിറങ്ങാത്ത അവസരം മുതലാക്കിയുള്ള മോഷണം പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ വ്യാപകമായിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 03 Jan 2026 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW