-->
കോട്ടയം : പ്രസിദ്ധമായ ദേവലോകം പെരുന്നാളില്‍ സംബന്ധിക്കുവാന്‍ മലങ്കരസഭയുടെ വിവിധ ഭദ്രാസനങ്ങളില്‍ നിന്നു വിശ്വാസികള്‍ ഒഴുകിയെത്തി. കുറിച്ചി വലിയ പള്ളിയില്‍ നിന്നുള്ള തീര്‍ഥാടകരെ കോടിമത പടിഞ്ഞാറേക്കര അങ്കണത്തില്‍ ദേവലോകം അരമന അസിസ്‌റ്റന്‍ഡ് മാനേജര്‍ ഫാ.ഗീവര്‍ഗീസ് ജോണ്‍സന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എയടക്കമുള്ള ജനപ്രതിനിധികള്‍ സന്നിഹിതരായിരുന്നു.
വിവിധ ഭദ്രാസനങ്ങളില്‍ നിന്നെത്തി സെന്‍ട്രല്‍ ജങ്‌ഷനില്‍ സംഗമിച്ച തീര്‍ഥാടക സംഘത്തെ കോട്ടയം നഗരസഭയുടെ നേതൃത്വത്തില്‍ വരവേറ്റു. നഗരസഭാ ചെയര്‍മാന്‍ എം.പി സന്തോഷ്‌കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബാ പുന്നന്‍, കൗണ്‍സിലര്‍ ടോം കോര എന്നിവരുടെ നേതൃത്വത്തില്‍ പദയാത്രികരെ സ്വീകരിച്ചു.
കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലിലും, ദേവലോകം അരമനയിലും സന്ധ്യാനമസ്‌ക്കാരം നടന്നു. അരമനയില്‍ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മെത്രാപ്പോലീത്താമാരായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്, ഡോ.സഖറിയാസ് മാര്‍ അപ്രേം, ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ പീലക്‌സീനോസ്, സഖറിയാസ് മാര്‍ സേവേറിയോസ് എന്നിവര്‍ സഹകാര്‍മ്മികരായി. ഫാ.ഡോ.ഷാജന്‍ വര്‍ഗീസ് അനുസ്‌മരണ പ്രസംഗം നടത്തി. തുമ്പമണ്‍ ഭദ്രാസന യുവജനപ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിലും, വഴുവാടി മാര്‍ ബസേലിയോസ് പള്ളിയില്‍ നിന്നും, വിവിധ ഭദ്രാസനങ്ങളില്‍ നിന്നും എത്തിയ തീര്‍ത്ഥാടകരെ അരമന മാനേജര്‍ ഫാ.യാക്കോബ് റമ്പാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്നു കബറിങ്കല്‍ ധൂപപ്രാര്‍ഥനയും, ശ്ലൈഹിക വാഴ്വും നടന്നു.
പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 62ാം ഓര്‍മ്മപ്പെരുന്നാള്‍, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധസ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്‌ത ഓര്‍മ്മപ്പെരുന്നാള്‍ ദിനമായ ഇന്നു വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയ്‌ക്കു പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവര്‍ സഹകാര്‍മ്മികരാകും. അനുസ്‌മരണപ്രസംഗം, കബറിങ്കല്‍ ധൂപപ്രാര്‍ഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയോടെ ഓര്‍മ്മപ്പെരുന്നാളിനു സമാപനമാകും.