-->
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി സമുദായാചാര്യന്‍ മന്നത്തുപദ്‌മനാഭന്റെ 149മത് ജയന്തി ആഘോഷങ്ങള്‍ പെരുന്നയില്‍ സമാപിച്ചു.
രണ്ടുദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികളില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനു സമുദായ സ്‌നേഹികള്‍ പെരുന്നയിലെ എന്‍.എസ്.എസ്. ആസ്‌ഥാനത്തേക്ക് ഒഴുകിയെത്തി. ഇന്നലെ രാവിലെ 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചനക്കായി സമുദായ, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു.
വിശിഷ്‌ടാതിഥികള്‍ എന്‍.എസ്.എസ്. വിശ്രമ കേന്ദ്രത്തില്‍ നിന്നും മന്നം സമാധിയിലെത്തി പുഷ്‌പാര്‍ച്ചന നടത്തി, തുടര്‍ന്നു സമ്മേളന നഗരയിലേക്ക് എത്തി.ദേശീയന്യൂനപക്ഷ കമ്മീഷനംഗം ഡോ.സിറിയക് തോമസ്, കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ എന്നിവരും എന്‍.എസ്.എസ്. നേതൃത്വത്തിനും ഡയറക്‌ടര്‍ ബോര്‍ഡംഗങ്ങള്‍ക്കുമൊപ്പം വേദിയില്‍ സന്നിഹിതരായിരുന്നു.
സമ്മേളനത്തില്‍ വിവിധ എന്‍ഡോവ്‌മെന്റുകളുടെ വിതരണവും നടന്നു. ഒരേ സമയം കാല്‍ ലക്ഷത്തോളം പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലാണ് എന്‍.എസ്.എസ്. സ്‌കൂള്‍ മൈതാനിയില്‍ തയ്യാറാക്കിയിരുന്നത്.
സദസും എന്‍.എസ്.എസ്. ആസ്‌ഥാനത്തെ അങ്കണവും കവിഞ്ഞുള്ള ജനസാഗരത്തെ നിയന്ത്രിച്ചു പോലീസ് സേനാ വിഭാഗം സുരക്ഷാ വലയം തീര്‍ത്തു. ചങ്ങനാശേരി ഡിവൈ.എസ്.പി. കെ.പി. ടോംസണ്‍ന്റെ നേതൃത്വത്തിലാണ് പോലീസ് സേന പ്രവര്‍ത്തിച്ചത്.
ഇരു ദിനങ്ങളിലായി എന്‍.എസ്.എസ്. ആസ്‌ഥാനത്തെത്തിയ പതിനായിരക്കണക്കിനു സമുദായംഗങ്ങള്‍ക്ക് എന്‍.എസ്.എസ്. കോളജ് മൈതാനിയില്‍ ഭക്ഷണവും ക്രമീകരിച്ചിരുന്നു. പ്രസിഡന്റ് ഡോ. എം. ശശികുമാര്‍, ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ , ട്രഷറര്‍ എന്‍.വി അയ്യപ്പന്‍ പിള്ള, വൈസ് പ്രസിഡന്റ് എം. സംഗീത് കുമാര്‍, കരയോഗം രജിസ്‌ട്രാര്‍ വി.വി ശശിധരന്‍ നായര്‍, സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, ഡയറക്‌ടര്‍ ബോര്‍ഡംഗങ്ങള്‍ തുടങ്ങി പതിനായിരക്കണക്കിനു സമുദായംഗങ്ങളും മന്നം സമാധിയില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ചു.