-->
മൂന്നാര്‍: വിനോദ സഞ്ചാരികള്‍ക്കായി കെ.എസ്.ആര്‍.ടി.സി. മൂന്നാര്‍ ഡിപ്പോയ്‌ക്ക് അനുവദിച്ച രണ്ടാമത്തെ ഡബിള്‍ ഡക്കര്‍ ബസ് റോയല്‍ വ്യൂ 2.0 സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്‌ത് യാത്രയാക്കിയ ബസ് വ്യാഴാഴ്‌ച വൈകിട്ടോടെ മുന്നാര്‍ ഡിപ്പോയില്‍ എത്തി.
ഇന്നലെ രാവിലെ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ദേവികുളം എം.എല്‍.എ. അഡ്വ. എ. രാജ ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. കെ.എസ്.ആര്‍.ടി സി.എം.ഡി. പ്രമോജ് ശങ്കര്‍, ചീഫ് ട്രാഫിക്ക് മാനേജര്‍ ആര്‍. ഉദയകുമാര്‍, ബജറ്റ് ടൂറിസം സെല്‍ ചീഫ് കോര്‍ഡിനേറ്റര്‍ ആര്‍. സുനില്‍കുമാര്‍, ബജറ്റ് ടൂറിസം ഇടുക്കി ജില്ല കോ-ഓര്‍ഡിനേറ്റര്‍ എന്‍.ആര്‍ രാജീവ് എന്നിവര്‍ ആദ്യ യാത്രയില്‍ പങ്കാളികളായി. പുതുവത്സര ദിനത്തില്‍ മൂന്നാറില്‍ എത്തിയ ബസ് കാണാന്‍ വിനോദ സഞ്ചാരികളും യാത്ര പ്രേമികളും അടക്കം നിരവധിപേര്‍ എത്തിയിരുന്നു.
മൂന്നാറില്‍ നേരത്തെ ആരംഭിച്ച ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് വന്‍ വിജയമായി മാറിയിരുന്നു. 9 മാസത്തിനുള്ളില്‍ ഒരു കോടിയിലേറെ വരുമാനം ലഭിച്ചു. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ സബിള്‍ ഡക്കര്‍ ബസ് സര്‍വീസിന് സജ്‌ജമാക്കിയിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി യുടെ തിരുവനന്തപുരം പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്കിലാണ് ബസ് നിര്‍മിച്ചത്.ദിവസേന മൂന്ന് സര്‍വീസുകളാണ് നടത്തുക. രാവിലെ 8, 11.30, വൈകീട്ട് 3 എന്നിങ്ങനെയാണ് സമയക്രമം. മൂന്നാര്‍ ഡിപ്പോയില്‍നിന്ന് തുടങ്ങുന്ന സര്‍വീസ് കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്‌റോഡ്, ആനയിറങ്ങല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം തിരികെ ഡിപ്പോയിലെത്തും.
രണ്ടു ബസുകളും ഇതേ റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. താഴത്തെ നിലയില്‍ 12 പേര്‍ക്കും മുകളില്‍ 38 പേര്‍ക്കുമാണ് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. പുറംകാഴ്‌ചകള്‍ പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ബസ് രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി എട്ടിനാണ് വിനോദസഞ്ചാരികള്‍ക്കായി മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ ഡബിള്‍ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചത്.