-->
നെടുങ്കണ്ടം: പ്രൗഡോജ്വലമായ വിശ്വാസ പ്രഘോഷണ റാലിയോടെ ഇടുക്കി രൂപതയിലെ ക്രിസ്‌തു ജയന്തി ജൂബിലി വര്‍ഷാചരണത്തിന് സമാപനമായി. 2025-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷാചരണത്തിനാണ് ഇന്നലെ നെടുങ്കണ്ടത്ത് സമാപനമായത്.
ആഗോള സഭയില്‍ ജനുവരി ആറ് ദനഹാ തിരുനാളില്‍ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കവാടം അടയ്‌ക്കുന്നതോടെയാണ് ജൂബിലിക്ക് സമാപനമാകുന്നത്. ഇന്നലെ രാവിലെ രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം സെന്റ് സെബാസ്‌റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദൈവാലയത്തില്‍ നടന്ന പൊന്തിഫിക്കല്‍ കുര്‍ബ്ബാനയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിന് കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആമുഖ സന്ദേശം നല്‍കി ഉദ്‌ഘാടനം ചെയ്‌ത വിശ്വാസ പ്രഘോഷണ റാലി അക്ഷരാര്‍ഥത്തില്‍ വിശ്വാസ കടലായി. ആയിരങ്ങള്‍ പങ്കെടുത്ത റാലി മണിക്കൂറുകള്‍ കഴിഞ്ഞാണ് സമാപിച്ചത്. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ കുരിശും വഹിച്ചുകൊണ്ട് നേതൃത്വം നല്‍കിയ റാലിയുടെ മുന്‍ നിരയില്‍ മെത്രാന്മാരായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ മാത്യു നെല്ലിക്കുന്നേല്‍, മാര്‍ ജോസഫ് തച്ചാപറമ്പത്ത് എന്നിവര്‍ അണിനിരന്നു. തുടര്‍ന്ന് രൂപതയിലെ വൈദീകരും വിവിധ സന്യാസ സഭകളില്‍ നിന്നുള്ളവരും ഭക്‌തസംഘടനളും വിവിധ ഫൊറോനകളുടെ നേതൃത്വത്തില്‍ വിശ്വാസികളും അണിനിരന്നു. നിശ്‌ചല ദൃശ്യങ്ങളും, വാദ്യമേളങ്ങളും, പരമ്പരാഗത ക്രൈസ്‌തവ കലാരൂപങ്ങളുടെ ആവിഷ്‌കരണങ്ങളും, പരമ്പരാഗത ക്രൈസ്‌തവ വേഷധാരികളായി എ ത്തിച്ചേരുന്നവരും റാലിക്ക് മാറ്റുകൂട്ടി.