Sunday, March 15, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.07 AM

കേരളം പുതുവര്‍ഷത്തിലേക്ക്‌ കടന്നത്‌ ഉയര്‍ന്ന ജലശേഖരവുമായി പള്ളിവാസല്‍ എക്‌സ്റ്റെന്‍ഷനില്‍ ലക്ഷ്യമിട്ടതിലും ഇരട്ടിയിലധികം വൈദ്യുതി ഉല്‍പ്പാദനം

uploads/news/2026/01/818765/1.jpg

കേരളം പുതുവര്‍ഷത്തിലേക്ക്‌ കടന്നത്‌ നാല്‌ വര്‍ഷത്തെ ഉയര്‍ന്ന ജലശേഖരവുമായി. രണ്ടിന്‌ രാവിലെ ഏഴിനുള്ള കണക്കുപ്രകാരം 3051.854 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉത്‌പ്പാദിപ്പിക്കാനുള്ള വെള്ളം എല്ലാ സംഭരണികളിലുമായി ഉണ്ട്‌. ഇത്‌ മൊത്തം സംഭരണശേഷിയുടെ 74 ശതമാനമാണ്‌. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ 30 ലെ ജലനിരപ്പ്‌ സ്‌ഥിതി ഇങ്ങനെയാണ്‌.
2024 (2978.3 ദശലക്ഷം യൂണിറ്റ്‌, 72%), 2023 (2824.328, 68%), 2022 (3027.47, 73%). പള്ളിവാസല്‍ എക്‌സെ്‌റ്റന്‍ഷന്‍, തൊട്ടിയാര്‍ പദ്ധതികളില്‍ ലക്ഷ്യമിട്ടതിലും അധികം വൈദ്യുതി ഉത്‌പ്പാദിപ്പിക്കാന്‍ കഴിഞ്ഞു. പള്ളിവാസല്‍ എക്‌സെ്‌റ്റന്‍ഷനില്‍ ഇരട്ടിയിലധികം ഉത്‌പ്പാദനമാണ്‌ നടന്നത്‌. വാര്‍ഷിക ഉത്‌പ്പാദനം 153.9 ദശലക്ഷം യൂണിറ്റ്‌ ഉത്‌പ്പാദന ലക്ഷ്യമുള്ള ഇവിടെ ഉത്‌പ്പാദിപ്പിച്ചത്‌ 343 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌. ഇത്‌ കെ.എസ്‌.ഇ.ബി ക്ക്‌ വന്‍ നേട്ടമായി. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസ്‌ കഴിഞ്ഞ നവംബറില്‍ അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായി ഷട്ട്‌ഡൗണ്‍ ചെയിതിട്ടും സംസ്‌ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധിയുണ്ടായില്ല. വൈദ്യുതി ബോര്‍ഡിന്റെ മികച്ച പവര്‍ മാനേജ്‌മെന്റിന്റെ തെളിവായി ഇത്‌ വിലയിരുത്തപ്പെടുന്നു.
സംസ്‌ഥാനത്ത്‌ വടക്ക്‌ കിഴക്കന്‍ മണ്‍സൂണ്‍ ഔദ്യോഗികമായി വിടവാങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 1 മുതല്‍ 30 വരെ 283.232 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളിലേക്ക്‌ ഒഴുകിയെത്തുമെന്നാണ്‌ കെ.എസ്‌.ഇ.ബി ലോഡ്‌ ഡെസ്‌പാച്ച്‌ സെന്റര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നലെ വരെ 236.775 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ്‌ ലഭിച്ചത്‌. സംസ്‌ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതോല്‍പ്പാദന കേന്ദ്രമായ ഇടുക്കി പദ്ധതിയുടെ സംഭരണിയില്‍ 73 ശതമാനം വെള്ളമാണ്‌ നിലവിലുള്ളത്‌. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കള്‍ ഒരു ശതമാനം കൂടുതലാണിത്‌. ഇത്‌ വൈദ്യുതി ബോര്‍ഡ്‌ ഏറെ ആശാവഹമായാണ്‌ വിലയിരുത്തുന്നത്‌. ആഭ്യന്തര വൈദ്യുതോല്‍പ്പാദനത്തിന്റെ മുക്കാല്‍ പങ്കും നിര്‍വഹിക്കുന്നത്‌ ഇടുക്കി പദ്ധതിയാണ്‌. മറ്റ്‌ പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലശേഖരം ശതമാനത്തില്‍ ഇങ്ങനെയാണ്‌. പമ്പ 73, ഷോളയാര്‍ 89, ഇടമലയാര്‍ 66, കുണ്ടള 93, മാട്ടുപ്പെട്ടി 81, കുറ്റ്യാടി 89, തര്യോട്‌ 69, ആനയിറങ്കല്‍ 100, പൊന്മുടി 92, കല്ലാര്‍കുട്ടി 64, പെരിങ്ങല്‍കുത്ത്‌ 50, ലോവര്‍പെരിയാര്‍ 67 ശതമാനം. പന്നിയാര്‍ പവര്‍ ഹൗസ്‌ അറ്റകുറ്റപ്പണികള്‍ക്കായി ഷട്ട്‌ഡൗണിലാണ്‌.
സ്വന്തം ലേഖകന്‍
തൊടുപുഴ

Ads by Google
Advertisement
Saturday 03 Jan 2026 05.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW