-->
മരട്: തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിനായി എത്തിയ ആന ചെരിഞ്ഞു. നെല്ല്യക്കാട്ട് മഹാദേവന്‍ എന്ന അമ്പത്തിയഞ്ച് വയസ്സുള്ള കൊമ്പനാണ് ഇന്നലെ വൈകീട്ട് നാലോടെ ചെരിഞ്ഞത്. കൂത്താട്ടുകുളം നെല്ല്യക്കാട്ട്‌മന പരമേശ്വരന്‍ നമ്പൂതിരിയുടെ ആനയാണ് ആന പ്രേമികള്‍ക്ക് ഏറെ ഇഷ്‌ടപ്പെട്ട മഹാദേവന്‍. തുറുപ്പ് ഗുലാന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ കൊമ്പന്‍ അഭിനയിച്ചിട്ടുണ്ട്. 29 ന് ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിയ കൊമ്പനെ പതിവ് പോലെ ഇന്നലെ രാവിലെ കുളിപ്പിച്ച് പനമ്പട്ട നല്‍കി. പിന്നീടാണ് ആന അസ്വസ്‌ഥതകള്‍ കാണിച്ചുതുടങ്ങിയത്. വായ തുറന്ന് പിടിച്ച നിലയില്‍ പാപ്പാനെ അടുപ്പിക്കാതായി.
പാപ്പാന്‍ ആനയുടമയെ വിളിച്ച് കാര്യമറിയിച്ചതിനെ തുടര്‍ന്ന് എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാതെ സമീപത്തെ സ്വകാര്യ പറമ്പിലേക്ക് മാറ്റി നിര്‍ത്തി. പതിനൊന്ന് മണിയോടെ തൃശ്ശൂര്‍ വെറ്ററിനറി ഹോസ്‌പിറ്റലിലെ ഡോ. ഗിരീഷ് എത്തി പരിശോധിച്ചപ്പോള്‍ വായ ചുവന്നിരിക്കുന്നതായി കണ്ടു. മൂന്ന് ആന്റിബയോട്ടിക് ഇന്‍ജക്ഷനുകള്‍ നല്‍കി.
അള്‍സര്‍ ബാധയ്‌ക്ക് മരുന്നും വായില്‍ പുരട്ടി. തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്‌ക്കായി തൃപ്പൂണിത്തുറ ക്ഷേത്രത്തിന് സമീപത്തെ പറമ്പിലേക്ക് കൊണ്ടുപോകാനായി ലോറിയില്‍ കയറ്റവെ വെപ്രാളം കാണിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരും പോലീസും സ്‌ഥലത്തുണ്ടായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ ആനയുടെ ജഡം ലോറിയില്‍ മലയാറ്റൂരിലേക്ക് കൊണ്ടുപോയി. ഇവിടെ ഫോറസ്‌റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക സ്‌ഥലത്ത് പോസ്‌റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിക്കും.