Wednesday, March 11, 2026 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.06 AM

തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ : കരട്‌ വോട്ടര്‍ പട്ടികയില്‍ ഗുരുതരമായ പിഴവുകളെന്ന്‌ സി.പി.എം.

കോഴിക്കോട്‌: തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ -എസ.്‌ഐ.ആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട്‌ വോട്ടര്‍ പട്ടികയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നും ധൃതിപിടിച്ചും അശാസ്‌ത്രീയവുമായാണ്‌ പട്ടിക പരിഷ്‌കരിച്ചതെന്നും സി.പി.ഐ.എം ജില്ല സെക്രട്ടറി എം. മെഹബൂബ്‌. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ ഇ -മെയില്‍ വഴി പരാതി നല്‍കിയതായും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍നിന്ന്‌ ഒഴിവാക്കപ്പെട്ടവര്‍ക്ക്‌ മാത്രമല്ല നിലവില്‍ പട്ടികയില്‍ ഇടം പിടിച്ചവര്‍ക്കുപോലും വോട്ട്‌ ചെയ്ായനാവാത്ത സാഹചര്യമാണുള്ളത്‌.
ആവാസ സ്‌ഥലങ്ങളെ പരിഗണിക്കാതെ വോട്ടര്‍മാരെ പിളര്‍ത്തിയാണ്‌ കരട്‌ പട്ടിക പ്രസിദ്ധീകരിച്ചത്‌. ഇത്‌ ഒന്നോ രണ്ടോ സ്‌ഥലങ്ങളില്‍ മാത്രമുള്ള പ്രശ്‌നമല്ല. അടിത്തട്ടില്‍ പരിശോധന നടത്തിയപ്പോള്‍ കോഴിക്കോട്‌ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും വ്യാപകമായി ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്‌. ബൂത്തുകള്‍ ക്രമീകരിച്ചതിലും ഗുരുതര പിഴവുകളുണ്ട്‌. ഒരേ വീട്ടിലുള്ളവര്‍ തന്നെ പല ബൂത്തുകളിലായാണ്‌ ഇടം പിടിച്ചത്‌. അതില്‍ തന്നെ പലരും തൊട്ടടുത്ത ബൂത്തുകളില്‍ പോലുമല്ല ഉള്ളത്‌. പലര്‍ക്കും പോളിങ്‌ സ്‌റ്റേഷനുകള്‍പോലും അറിയില്ല. ഇത്‌ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പ്രതിനിധിയായ കലക്‌ടര്‍ക്കും അവ്യക്‌തതയാണ്‌. വേറെ ചിലര്‍ക്കാകട്ടെ നിസാര കാരണങ്ങള്‍ പറഞ്ഞും സാങ്കേതിക പിഴുവകളുടെ പേരിലും ഹിയറിങ്ങിന്‌ ഹാജരാകാന്‍ നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്‌. ഈ രേഖകള്‍ കുറഞ്ഞസമയത്തിനുള്ളില്‍ ശരിയാക്കാനായി വോട്ടര്‍മാര്‍ നെട്ടോട്ടമോടുകയാണ്‌. ഇതോടെ ഒഴിവാക്കപ്പെട്ടവര്‍ക്കു പുറമെ പട്ടികയില്‍ ഇടംപിടിച്ച പലരും വോട്ടറല്ലാതാകും എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്‌.
ഈ പ്രശ്‌നങ്ങള്‍ എങ്ങനെ പരഹരിക്കുമെന്നതിനെ കുറിച്ച്‌ ഉദ്യോഗസ്‌ഥാര്‍ക്കും കൃത്യമായ ധാരണയില്ല. തെരഞ്ഞെടുപ്പ്‌ ഓഫീസറായ കലക്‌ടര്‍ക്കുപോലും ഇതുപരിഹരിക്കാന്‍ കഴിയില്ല. തിടുക്കപ്പെട്ട്‌ വോട്ടര്‍ പട്ടിക പരിഷ്‌കരിച്ചതിനുപിന്നില്‍ നിക്ഷിപ്‌ത താല്‍പര്യമുണ്ടെന്ന്‌ സംശയിക്കാവുന്ന നിലയിലാണ്‌ കാര്യങ്ങള്‍. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന്‌ സഹായകരമല്ല ഇപ്പോഴത്തെ ബൂത്ത്‌ നിര്‍ണയവും മറ്റും. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട്‌ മുമ്പൊരുകാലത്തും ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. ഇനിയുള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ ബൂത്ത്‌ ലെവല്‍ ഓഫിസര്‍മാര്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്നവയല്ല ഈ പ്രശ്‌നങ്ങള്‍. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വോട്ടവകാശം ഉറപ്പുവരുത്തുന്നതിനും ബുത്തുകള്‍ ക്രമീകരിച്ചതിലെ അശാസ്‌ത്രീയത പരിഹരിക്കാനും തെരഞ്ഞെടുപ്പ്‌ കമീഷന്‍ അടിയന്തരമായി ഇടപെടണം. ഹിയറിങ്ങിനു പകരം, പ്രത്യേക ടീമിനെ നിയോഗിച്ച്‌ വീടുകയറി പരിശോധന നടത്തി മാത്രമേ പ്രശ്‌നം പരിഹാരിക്കാനാകൂ. കരട്‌ പട്ടികയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടവരെ സംബന്ധിച്ച്‌ പരിശോധന നടത്തിയപ്പോള്‍ ന്യായമായ കാണങ്ങളാലല്ല പലരും ഒഴിവാക്കപ്പെട്ടതെന്ന്‌ വ്യക്‌തമാണ്‌.
ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കാണിച്ചും സ്‌ഥലത്തുള്ളവരെ ഇല്ലാത്തവരായി കാണിച്ചുമൊക്കെ ഒഴിവാക്കിയിട്ടുണ്ട്‌. എല്ലാ രേഖകളും ഉണ്ടായിട്ടും വിദേശത്തും മറ്റ്‌ സംസ്‌ഥാനങ്ങളിലും പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമെല്ലാം ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്‌. ബീഹാറില്‍ ചെയ്‌തതുപോലെ കേരളത്തിലും ചെയ്യാനാണ്‌ കമീഷന്‍ നോക്കുന്നത്‌. അനാവശ്യ തിടുക്കമാണ്‌ ഇക്കാര്യത്തില്‍ കമീഷന്‍ കാണിച്ചതെന്നും എം. മെഹബൂബ്‌ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്‌ഥാന കമ്മിറ്റി അംഗം വി.വസീഫ്‌, ജില്ല സെക്രട്ടറിയറ്റ്‌ അംഗം ടി.വിശ്വനാഥന്‍ എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Saturday 03 Jan 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW