Sunday, March 15, 2026 Last Updated 19 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.06 AM

ദേശീയപാത വികസനം: കഞ്ഞിക്കുഴിയില്‍ എ.എസ്‌. കനാലില്‍ പാലം നിര്‍മിക്കും

uploads/news/2026/01/818753/1.jpg

മാരാരിക്കുളം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴിയില്‍ എ.എസ്‌ കനാലിന്‌ കുറുകെ പാലം നിര്‍മ്മിക്കാന്‍ ധാരണയായി. കനാലിന്‌ കുറുകെ ദേശീയപാത കടന്നു പോകുന്നതിന്‌ അഞ്ച്‌ മീറ്റര്‍ ഉയരത്തിലാണ്‌ പാലം നിര്‍മ്മിക്കുന്നത്‌. കൃഷി മന്ത്രി പി.പ്രസാദ്‌ നിര്‍മ്മാണ സ്‌ഥലം സന്ദര്‍ശിച്ച്‌ ഒരുക്കങ്ങള്‍ വിലയിരുത്തി. ഇരുകരകളിലും അടിപ്പാതകളോട്‌ കൂടിയ പാലമാണ്‌ ദേശീയപാത അതോറിറ്റി നിര്‍മിക്കുന്നത്‌. ഇതിനായി ദേശീയപാത അതോറിറ്റി തന്നെ പണം മുടക്കും.
പാലം നിര്‍മിക്കുമെന്ന്‌ കേന്ദ്ര ഉപരിതലഗതാഗത മന്ത്രി 2023 ല്‍ കൃഷിമന്ത്രിക്ക്‌ ഉറപ്പ്‌ നല്‍കിയിരുന്നെങ്കിലും ചെലവ്‌ ആര്‌ വഹിക്കുമെന്ന തര്‍ക്കത്തില്‍പെട്ട്‌ അനിശ്‌ചിതത്വത്തിലായിരുന്നു. ദേശീയപാത സ്‌ഥലം ഏറ്റെടുപ്പിന്‌ സംസ്‌ഥാന സര്‍ക്കാര്‍ 7,000 കോടിയോളം രൂപ ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തില്‍ പാലം നിര്‍മ്മിക്കുന്നതിന്‌ പണം അനുവദിക്കാന്‍ കിഫ്‌ബിയും സംസ്‌ഥാന പൊതുമരാമത്ത്‌ വകുപ്പും വിമുഖത അറിയിച്ചിരുന്നു.
തുടര്‍ന്ന്‌ കൃഷിമന്ത്രി ദേശീയ ഉപരിതല ഗതാഗത വകുപ്പിനെ കനാലിന്റെ ഒഴുക്ക്‌ തടസപ്പെട്ടാലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടും കത്ത്‌ മുഖേനയും നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കൃഷിമന്ത്രിയുടെ ആവശ്യപ്രകാരം ജലവിഭവ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗവും പാലം നിര്‍ബന്ധമായി പണിയണമെന്ന നിര്‍ദേശമാണ്‌ നല്‍കിയത്‌.
ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ സ്‌റ്റോപ്പ്‌ മെമ്മോ നിലനില്‍ക്കുമ്പോള്‍ ഏകപക്ഷീയമായി ദേശീയപാതാ അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചതിനെതിരെ നടന്ന സമരവും ദേശീയപാത അതോറിറ്റിയെ സമ്മര്‍ദത്തിലാക്കി.
എ.എസ്‌ കനാലിന്റെ വീണ്ടെടുപ്പ്‌ എന്നെന്നേക്കുമായി അവസാനിക്കുമായിരുന്ന ഘട്ടത്തില്‍ നിന്നാണ്‌ ഈ നേട്ടം ഉണ്ടായിരിക്കുന്നതെന്ന്‌ മന്ത്രി പ്രസാദ്‌ പറഞ്ഞു. പരിസ്‌ഥിതി പ്രാധാന്യമുള്ള എ.എസ്‌ കനാലിന്റെ ആരോഗ്യ, ദുരന്തനിവാരണ, ഗതാഗത, ടൂറിസം മേഖലകളിലുള്ള പ്രാധാന്യം ബോധ്യപ്പെടുത്താനായത്‌ നിര്‍ണായകമായി. ഏഴ്‌ അടിപ്പാതകളാണ്‌ ചേര്‍ത്തല മണ്ഡലത്തിന്‌ മാത്രം ലഭിച്ചത്‌.

Ads by Google
Advertisement
Saturday 03 Jan 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW