-->
ഇലവുംതിട്ട: ചന്തയില്‍ നാലുപേരെ തെരുവുനായ കടിച്ചു. ചന്തയില്‍ മാടക്കട നടത്തുന്ന ഇലന്തൂര്‍ സ്വദേശി അനിയന്‍ ഉള്‍ പ്പടെയുള്ള 4 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെയാണ് നായ ചന്തയില്‍ ഓടിയെത്തി ആളുകളെ കടിച്ചത്.
മാടക്കട കച്ചവടക്കാരനെ കടിച്ച ശേഷം ചന്തയിലും ഓട്ടോ സ്‌റ്റാന്റിലും ഓടി നടന്ന് ആളുകളെ കടിക്കുകയായിരുന്നു. അക്രമാസക്‌തനായ തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
നാലു പേര്‍ക്കാണ് നായയുടെ നേരിട്ടുള്ള ആക്രമണം ഉണ്ടായത്. ചന്ത ദിവസമായതിനാല്‍ ആളുകള്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും ഓടി ഏറെ നേരം പരിഭ്രാന്തി സൃഷ്‌ടിച്ചു. നായയുടെ തട്ടും മുട്ടുമേറ്റവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. നല്ലാനിക്കുന്ന് എ ഫ്.എച്ച്.സിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രികളിലും ചികില്‍സ തേടി. മെഴുവേലി സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്‌ടറുടെയും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചത്ത നായയുടെ ജഡം സുരക്ഷിതമായി സംസ്‌ക്കരിച്ചു. പേവിഷബാധ സ്‌ഥിരീകരിക്കാന്‍ നായയുടെ ശ്രവം തിരുവല്ല പക്ഷി ഗവേഷണ കേന്ദ്രത്തിലേക്ക് അയച്ചു.