-->
കോട്ടയം: സംസ്‌ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളില്‍നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാന്‍ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനം ജില്ലയില്‍ ആരംഭിച്ചു.
സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റീസ് കെ.ടി. തോമസിന്റെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിലാണ് ആദ്യം വിവര ശേഖരണം നടത്തിയത്. കളക്‌ടര്‍ ചേതന്‍കുമാര്‍ മീണ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും കൈമാറി.സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം ജില്ലാതല സമിതി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്‌റ്റിന്‍ ജോസഫ്, അംഗങ്ങളായ എന്‍.എസ്. ഷൈന്‍, ബിലാല്‍ കെ.റാം. കോട്ടയം നിയമസഭാ നിയോജക മണ്ഡലം ചാര്‍ജ് ഓഫീസര്‍ ടി. ബള്‍ക്കീസ് എന്നിവരും സന്നിഹിതരായിരുന്നു.ചങ്ങനാശേരി നിയമസഭാ മണ്ഡലത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലുമായാണ് കര്‍മ്മ സമിതി അംഗങ്ങള്‍ വിവര ശേഖരണത്തിനായി ആദ്യമായി സംവദിച്ചത്. ജോബ് മൈക്കിള്‍ എംഎല്‍എയും കളക്‌ടറും ചേര്‍ന്ന് ബ്രോഷറും മുഖ്യമന്ത്രിയുടെ കത്തും മെത്രാപ്പോലീത്തയ്‌ക്ക് കൈമാറി. വൈക്കം നിയമസഭാ മണ്‌ധലത്തില്‍ ജില്ലാതല സമിതി അംഗം ടി.പി. ശ്രീശങ്കര്‍, ചാര്‍ജ് ഓഫീസര്‍ കെ.പി. നമിത എന്നിവരുടെ സാന്നിധ്യത്തില്‍ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്‌മിയുടെ വസതിയില്‍ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു.പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരാണ് സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന് ഭവന സന്ദര്‍ശനം നടത്തുന്നത്. ജില്ലാ കളക്‌ടര്‍ ചെയര്‍മാനായുള്ള സമിതിയാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിയമസഭാ നിയോജക മണ്ഡലം തലത്തില്‍ ചാര്‍ജ് ഓഫീസര്‍മാര്‍ പരിശീലനത്തിന്റെയും ഭവന സന്ദര്‍ശനത്തിന്റെയും മേല്‍നോട്ടം നിര്‍വഹിക്കുന്നു.