-->
ചങ്ങനാശേരി: പെരുന്ന എന്‍.എസ്.എസ് ആസ്‌ഥാനത്ത് 149 മത് മന്നം ജയന്തി ആഘോഷങ്ങള്‍ക്കു വര്‍ണാഭമായ തുടക്കം.
മന്നം സമാധിയില്‍ ഇന്നലെ പുലര്‍ച്ചെ പ്രഭാതഭേരി, പുഷ്‌പാര്‍ച്ചന എന്നിവയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്നു സമുദായ സംഘശക്‌തി തെളിയിച്ച് സമുദായ പ്രതിനിധികള്‍ പങ്കെടുത്ത അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം നടന്നു.
സംസ്‌ഥാന വ്യാപകമായുള്ള എന്‍.എസ്.എസിന്റെ 60 താലൂക്ക് യൂണിയനുകളിലെയും വിവിധ കരയോഗ, വനിതാ ബാലജന സംഘങ്ങളുടെ ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്തു. പെരുന്ന എന്‍.എസ്.എസ് ആസ്‌ഥാനത്തെ സ്‌കൂള്‍ മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ മന്നം നഗറിലേക്ക് രാവിലെ മുതല്‍ തന്നെ സമുദായാംഗങ്ങള്‍ ഒഴുകിയെത്തി. സമ്മേളന വേദിക്ക് ഇരുവശത്തുമായി സ്‌ഥാപിച്ചിട്ടുള്ള മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിലും ചട്ടമ്പിസ്വാമികളുടെ ചിത്രത്തിനു മുന്നില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഭദ്രദീപം തെളിച്ചശേഷമാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്നു പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സ്വാഗതവും വിശദീകരണ പ്രസംഗവും നടത്തി.
സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ കൃതജ്‌ഞതയും പറഞ്ഞു.സമ്മേളനത്തിന് മുന്നോടിയായി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, പ്രസിഡന്റ് ഡോ. എം. ശശികുമാര്‍, എന്‍.എസ്.എസ് കരയോഗം രജിസ്‌ട്രാര്‍ വി.വി. ശശിധരന്‍ നായര്‍, വൈസ് പ്രസിഡന്റ് ഡോ. എം. സംഗീത് കുമാര്‍, ട്രഷറര്‍ എന്‍.വി അയ്യപ്പന്‍ പിള്ള, എന്‍.എസ്.എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളും മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തി. ആയിരക്കണക്കിനു സമുദായംഗങ്ങളും സന്നിഹിതരായിരുന്നു.