-->
തലയോലപ്പറമ്പ്: മറവന്‍തുരുത്ത് -ചെമ്പ് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെ നിര്‍മ്മിക്കുന്ന മൂലേക്കടവ് പാലത്തിന് സമീപം സ്വകാര്യ വ്യക്‌തിയുടെ പുരയിടം പുഴയിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു. മറവന്‍തുരുത്ത് പഞ്ചായത്തിലെ വാളമ്പള്ളി പടിഞ്ഞാറെ നമ്പ്യാട്ടില്‍ എന്‍.പി കാര്‍ത്തികേയന്റെ വീടിരിക്കുന്ന പുരയിടത്തിന്റെ 10 മീറ്ററോളം ഭാഗത്തെ മരങ്ങള്‍ ഉള്‍പ്പടെയാണ് ഇന്നലെ രാത്രി പുഴ കവര്‍ന്നത്. പാലത്തിന്റെ നിര്‍മ്മാണം 2023 ലാണ് ആരംഭിച്ചത്. പയലിംഗ് ജോലികള്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ സമീപത്തെ തീരം പ്രദേശം ഇടിയാന്‍ തുടങ്ങിയിരുന്നു.
പാലത്തിന്റെ പണി ആരംഭിച്ച സമയത്ത് ഒരു മീറ്റര്‍ വീതിയിലും 15 മീറ്റര്‍ നീളത്തിലുമായി ഇവരുടെ പുരയിടം തീരം ഇടിഞ്ഞ് ആറ്റിലേക്ക് പതിച്ചിരുന്നു. പുഴയുടെ തീരംവഴി ഉണ്ടായിരുന്ന നടപ്പാത പൂര്‍ണമായും പുഴയില്‍ ഒലിച്ചുപോകുകയും ചെയ്‌തിരിന്നു. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ സ്‌ഥലം സന്ദര്‍ശിക്കുകയും ഇവരുടെ വീടിരിക്കുന്ന പുഴയുടെ തീരം കരിങ്കല്ല് കെട്ടി സംരക്ഷിച്ചു നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതൊന്നും നടപ്പിലാകാതെ വന്നതോടെ സ്‌ഥലം എംഎല്‍എ, റവന്യൂ മന്ത്രി എന്നിവര്‍ക്കും, നവകേരള സദസ്സിലും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കി. ഇതെ തുടര്‍ന്ന്
ഉദ്യോഗസ്‌ഥര്‍ വന്ന് പരിശോധന നടത്തി പോയതല്ലാതെ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് വീട്ടുകാര്‍ പറയുന്നു. നിലവില്‍ തീരത്തിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ വീണ അവസ്‌ഥയിലാണ്. ഏത് സമയത്തും തീരം പുഴ കവരുന്ന സ്‌ഥിതിയിലായതോടെ നിര്‍ദ്ധന കുടുംബം ഭീതിയിലാണ്. പഞ്ചായത്ത് അധികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ചു.