-->
കോട്ടയം: പുരയിടം, കടകള്‍, വാഹനങ്ങള്‍...തീപിടിത്തങ്ങള്‍ ഏറുമ്പോള്‍ കുടുതല്‍ അഗ്നിശമന സേനാ കേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യം ശക്‌തമാകുന്നു. മഴക്കാലം, വേനല്‍ക്കാലം, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിങ്ങനെ വിവിധ സമയങ്ങളില്‍ സേനായൂണിറ്റിന്റെ കുറവ് രക്ഷാപ്രവര്‍ത്തനങ്ങളെയും ബാധിക്കാറുണ്ട്. പുതുവര്‍ഷം പിറക്കും മുമ്പേ ചൂട് ക്രമാതീതമായി വര്‍ധിച്ചതിനാല്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയേറെയാണ്.
ഏറ്റുമാനൂര്‍, കുമരകം ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ കൂടി അഗ്നിശമനാ കേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കുമരകത്ത് കായല്‍ യാത്രയ്‌ക്കിടെ അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കോട്ടയത്ത് നിന്നു അഗ്നിശമനാസേന എത്തണം. കുമരകത്ത് അഗ്നിശമനസേനാ നിലയം ആരംഭിക്കുന്നതിന് സംസ്‌ഥാന ബജറ്റില്‍ 4 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും സ്‌ഥലം സംബന്ധിച്ച് അന്തിമ അനുമതിയായിട്ടില്ല.
ഇന്‍ഡസ്‌ട്രിയല്‍ ഏരിയ അടക്കമുള്ള പൂവന്‍ന്തുരുത്ത്, കുറിച്ചി, പനച്ചിക്കാട് മേഖലകള്‍ ഉള്‍പ്പെടുന്ന ചിങ്ങവനത്ത് സേനാ നിലയം വേണമെന്നാണ് ആവശ്യം ഉയരുന്നുണ്ടെങ്കിലും നടപടിയായില്ല. നിലയം സംബന്ധിച്ച് ആദ്യഘട്ട റപ്പോര്‍ട്ട് മാത്രമാണ് നിലവിലുള്ളത്.
സ്‌ഥലം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടില്ല. ഏറ്റുമാനൂരില്‍ കോടതിപ്പടിക്കു സമീപം സ്‌ഥലം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, കെട്ടിടം പണിക്ക് അനുമതി കിട്ടിയിട്ടില്ല. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടുന്ന ഏറ്റുമാനൂരില്‍ നിലയം വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.