Monday, March 16, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.22 AM

നാട്ടുമാവിന്‍ വസന്തവുമായി വിദ്യാര്‍ഥികളുടെ പുതുവത്സരം

uploads/news/2026/01/818663/2.jpg

നെടുങ്കണ്ടം: വരും തലമുറയ്‌ക്കായി അന്യം നിന്നു പോയ നാട്ടുമാവുകള്‍ നാടിന്‌ സമര്‍പ്പിക്കുകയാണ്‌ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. പുതിയ തലമുറയിലെ കുട്ടികള്‍ക്ക്‌ കേട്ട്‌ കേള്‍വി പോലുമില്ലാത്ത നാട്ടുമാവുകളുടെ നൂറുകണക്കിന്‌ തൈകളാണ്‌ എന്‍.എസ്‌.എസ്‌. ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഇത്തവണ 2025 ന്റെ അവസാനം നട്ടത്‌.
കിളിച്ചുണ്ടനും മൂവാണ്ടനും മുതല്‍ കാട്ടുമാവിന്റെ തൈകള്‍ വരെ കുട്ടികള്‍ കോമ്പയാര്‍ എന്ന ഗ്രാമത്തിന്റെ വിവിധ മേഖലകളില്‍ നട്ടു.
പുതിയ തലമുറയിലെ കുട്ടികള്‍ക്കു കേട്ടുകേള്‍വി പോലുമില്ലാത്ത മാവിനങ്ങളാണ്‌ ഇവര്‍ നടന്നത്‌. കര്‍പ്പൂര വരിക്ക, താളിമാങ്ങ, കസ്‌തൂരി മാങ്ങ, കിളിച്ചുണ്ടന്‍, തിരുവനന്തപുരകാരുടെ സ്വന്തം മാമ്പഴ ഇനമായ കോട്ടുകോണം വരിക്ക, കോളാമ്പി മാങ്ങ, പേരക്ക മാങ്ങ, കപ്പ മാങ്ങ, കല്‍ക്കണ്ട മാങ്ങ,വെള്ളരി മാങ്ങ, നാട്ടുമാവ്‌, പുളിച്ചി മാങ്ങ, കാട്ടുമാങ്ങ തുടങ്ങി അമ്പതോളം ഇനങ്ങളാണ്‌ കുട്ടികള്‍ ഒരു വര്‍ഷം കൊണ്ട്‌ മുളപ്പിച്ച്‌ എടുത്തത്‌.
കഴിഞ്ഞവര്‍ഷത്തെ എന്‍.എസ്‌.എസ്‌. ക്യാമ്പിലാണ്‌ ഇത്തരമൊരു ആശയം ഉടലെടുത്തത്‌. ഒരു മാസം കൊണ്ട്‌ കുട്ടികള്‍ വിവിധ ജില്ലകളില്‍നിന്നു നാട്ടുമാങ്ങകളുടെ വിത്തുകള്‍ ശേഖരിച്ചു. പിന്നീട്‌ കൂട്ടമായി അവ നട്ട്‌ മുളപ്പിച്ചു. ഈ വര്‍ഷത്തെ സപ്‌തദിന ക്യാമ്പില്‍ കുട്ടികള്‍ അത്‌ ദത്ത്‌ ഗ്രാമമായ കോമ്പയാറില്‍ നട്ടു. തലമുറകള്‍ക്ക്‌ കൈമാറുന്ന ഈ ചടങ്ങ്‌ തൈകള്‍ നട്ടുകൊണ്ട്‌ നെടുങ്കണ്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിഹാബ്‌ ഈട്ടിക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ഏഴുദിവസം നീണ്ടുനിന്ന ക്യാമ്പ്‌ അവസാനിക്കുമ്പോള്‍ അടുത്ത തലമുറയ്‌ക്കുള്ള മാമ്പഴങ്ങള്‍ കൂടിയാണ്‌ ഈ കുട്ടികള്‍ സമ്മാനിച്ച്‌ അവരവരുടെ വീടുകളിലേക്ക്‌ പോകുന്നത്‌.

Ads by Google
Advertisement
Friday 02 Jan 2026 08.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW