-->
ചെറുതോണി: കഞ്ഞിക്കുഴിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ടൗണിനടുത്തു വട്ടോന്‍ പാറയില്‍ തിങ്കളാഴ്‌ച രാത്രി ഓട്ടം പോയി വരുന്ന വഴി പുലിയെ ആദ്യം കണ്ടത് ടൗണിലെ സെന്റ് ജോര്‍ജ് ഓട്ടോറിക്ഷ ഡ്രൈവര്‍ ഫിലിപ്പാണ്.
ഇദ്ദേഹം നാട്ടുകാരോട് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. പിറ്റേ ദിവസം ഇതിനടുത്തുള്ള മഴുവടി അമ്പലക്കവല ഭാഗത്ത് നാട്ടുകാരില്‍ ഒരാള്‍ പറമ്പില്‍ പുലിയെ കണ്ടതായി അറിയിച്ചു.
അന്നു രാത്രി കുറ്റിയാനിക്കല്‍ റെജിയുടെ റബ്ബര്‍ തോട്ടത്തില്‍ മുള്ളന്‍ പന്നിയെ കൊന്നു ഭക്ഷിച്ചതിന്റെ അവശിഷ്‌ടങ്ങളും കാണപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കരിമണല്‍ ഫോറസ്‌റ്റ് സ്‌റ്റേഷനില്‍നിന്നു വനപാലകരെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വേനല്‍ക്കാലമായതിനാല്‍ കാല്‍പാടുകളും തെളിഞ്ഞിട്ടില്ല.
പാമ്പള , മക്കു വള്ളി തുടങ്ങിയ വനപ്രദേശങ്ങളില്‍ എവിടെ നിന്നെങ്കിലുമാവാം പുലി വന്നതെന്നു കരുതുന്നു. എന്നാല്‍ തെരച്ചില്‍ നടത്തിയെങ്കിലും പുലിയാണെന്ന് സ്‌ഥിരീകരിക്കുന്ന തെളിവുകളൊന്നും കിട്ടിയില്ലന്ന് നഗരംപാറ റെയിഞ്ച് ഓഫീസര്‍ പറഞ്ഞു.