-->
ഇടുക്കി: സംസ്‌ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളില്‍നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാന്‍ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് ജില്ലയില്‍ തുടക്കമായി. വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ കെ.ജി. സൈമണിന്റെ തൊടുപുഴയിലെ വസതിയിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ എത്തി ആദ്യം വിവര ശേഖരണം നടത്തിയത്. അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും കൈമാറി.
സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം ജില്ലാ നിര്‍വഹണസമിതി അംഗം കെ.കെ. ഷാജി, തൊടുപുഴ നിയോജകമണ്ഡലം ചാര്‍ജ് ഓഫീസര്‍ ബിജു സെബാസ്‌റ്റ്യന്‍ എന്നിവരും സന്നിഹിതരായിരുന്നു.
സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെസ്‌മാര്‍ട്ട് പോലുള്ള പദ്ധതി ജനോപകാരപ്രദമാണെന്നും കാലതാമസം ഇല്ലാതെതന്നെ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കുന്നത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടോയെന്നു കൃത്യമായി നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും വിലവര്‍ധനയ്‌ക്കു പരിഹാരം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കവിയും എഴുത്തുകാരനുമായ അനുകുമാര്‍ തൊടുപുഴയുടെ മുതലക്കുടത്തെ വീട്ടിലും പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് യഥാവിധി എത്തുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ക്ഷേമപെന്‍ഷന്‍, സ്‌ത്രീ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരാണ് സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിനു ഭവനസന്ദര്‍ശനം നടത്തുന്നത്. കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ചെയര്‍മാനായുള്ള സമിതിയാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിയമസഭാ നിയോജകമണ്ഡലം തലത്തില്‍ ചാര്‍ജ് ഓഫീസര്‍മാര്‍ പരിശീലനത്തിന്റെയും ഭവന സന്ദര്‍ശനത്തിന്റെയും മേല്‍നോട്ടം നിര്‍വഹിക്കുന്നു.ജനങ്ങളില്‍നിന്നു വികസന നിര്‍ദ്ദേശങ്ങളും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കാനും പ്രാദേശികമായ വികസന ആവശ്യങ്ങള്‍ മനസിലാക്കി ആസൂത്രണം നടത്താനും, അഭിപ്രായങ്ങള്‍ സമാഹരിക്കാനുമാണ് ഫെബ്രുവരി 28 വരെ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.പരിപാടിയില്‍ അംഗങ്ങളാകാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ഗൃഹസന്ദര്‍ശനം നടത്തുന്നത്. ഓരോ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, വാര്‍ഡുകളിലും രണ്ടുപേരടങ്ങുന്ന വിവിധ ടീമുകളാണ് പഠന പ്രവര്‍ത്തനം നടത്തുന്നത്.
ജില്ലയിലെ എല്ലാ വീടുകളും സന്ദര്‍ശിക്കാനാണു ലക്ഷ്യമിടുന്നത്. ശേഖരിക്കുന്ന വിവരങ്ങളും നിര്‍ദ്ദേശങ്ങളും മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്തും.