Sunday, March 15, 2026 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.22 AM

ഡിവൈ.എസ്‌.പി. അന്വേഷണ റിപ്പോര്‍ട്ട്‌ എസ്‌.പിക്ക്‌ ഇന്നു കൈമാറും

അടിമാലി: വാഹനം കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട്‌ ജനമൈത്രി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയ പക്ഷാഘാത രോഗിയെ സി.ഐ. മര്‍ദിച്ച സംഭവത്തില്‍ ഡിവൈ.എസ്‌.പി അന്വേഷണം പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട്‌ ഇന്നു ജില്ലാ പോലീസ്‌ മേധാവി സാബു മാത്യുവിന്‌ കൈമാറും. എസ്‌.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ഇടുക്കി ഡിവൈ.എസ്‌.പി: രാജന്‍ കെ. അരമനയാണ്‌ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയത്‌.
അടിമാലി പോലീസ്‌ സ്‌റ്റേഷനു സമീപം ടി.ആര്‍. ബാറ്ററി ഹൗസ്‌ എന്ന സ്‌ഥാപനം നടത്തുന്ന മന്നാങ്കാല പുത്തയത്ത്‌ അനിലി(52) നാണ്‌ പോലീസിന്റെ മര്‍ദനമേറ്റത്‌. അനില്‍ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ലൈജുമോന്‍ മര്‍ദിച്ചെന്നായിരുന്നു പരാതി. ചൊവ്വാഴ്‌ച രാവിലെ 10നായിരുന്നു സംഭവം. സംഭവത്തില്‍ അടിമാലി പോലീസ്‌ അനിലിന്റെ മൊഴി രേഖപ്പെടുത്താന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും അടിമാലി സി.ഐക്കെതിരെയുള്ള പരാതി ആയതിനാല്‍ ഇവിടെ മൊഴികൊടുക്കാന്‍ തയാറായില്ല. തുടര്‍ന്ന്‌ മുഖ്യമന്ത്രി, ജില്ലാ പോലീസ്‌ മേധാവി അടക്കമുള്ളവര്‍ക്ക്‌ അനില്‍ ഇമെയില്‍ വഴി പരാതി നല്‍കി. ഇതോടെയാണ്‌ ഡിവൈ.എസ്‌.പിയും സംഘവും ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയത്‌. രണ്ടുദിവസമായി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്‌ഥര്‍ അടക്കം നിരവധി പേരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. രണ്ടുവട്ടം അനിലിനെ പോലീസ്‌ സ്‌റ്റേഷനും മുറ്റത്തുവച്ച്‌ സി.ഐ. മുഖത്തടിച്ചതായി കണ്ടെത്തി എന്നാണ്‌ സൂചന. സംഭവദിവസം രാവിലെ കല്ലാര്‍കുട്ടിയില്‍ രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇതില്‍ ഒരു വാഹനം അനിലിന്റെ ഭാര്യാ സഹോദരന്റെതാണ്‌. വാഹനം ഇടിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയായി. ഈ പ്രശ്‌നം പറഞ്ഞ്‌ അവസാനിപ്പിക്കാനാണ്‌ അനില്‍ സ്‌റ്റേഷനില്‍ എത്തിയത്‌. എന്നാല്‍ ചര്‍ച്ചയ്‌ക്കിടെ യാതോരു പ്രകോപനവും ഇല്ലാതെ സി.ഐ. തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ്‌ അനിലിന്റെ പരാതി. പോലീസ്‌ സ്‌റ്റേഷനിലെ നിരീക്ഷണ ക്യാമറ അടക്കം പരിശോധിച്ചു. പോലീസ്‌ യൂണിഫോം ധരിക്കാതെ എത്തിയ ഹൗസ്‌ ഓഫീസര്‍ അനിലിനെ മര്‍ദിച്ചതോടെ സമീപത്തുണ്ടായിരുന്ന മറ്റ്‌ ഉദ്യോഗസ്‌ഥര്‍ ഇദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.
മര്‍ദനത്തിനുശേഷം മുറിയിലെത്തി അനിലിനെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്‌. ജില്ലാ പോലീസ്‌ മേധാവിക്ക്‌ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട്‌ ഉന്നത കേന്ദ്രങ്ങളിലേക്ക്‌ കൈമാറുന്നതിന്റെ അടിസ്‌ഥാനത്തില്‍ നടപടി ഉണ്ടാകുക. ഡി.ഐ.ജി തലത്തില്‍ നിന്നാകും സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിക്കുക. തക്കതായ നടപടി ഉണ്ടായില്ലെങ്കില്‍ ശക്‌തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന്‌ വിവിധ സംഘടനകളും സൂചന നല്‍കിയിട്ടുണ്ട്‌. രണ്ടുവട്ടം സ്‌ട്രോക്ക്‌ ഉണ്ടായിരുന്ന തുടര്‍ന്ന്‌ ചികിത്സയില്‍ കഴിയുന്ന വ്യക്‌തിയാണ്‌ അനില്‍. മോട്ടോര്‍ വര്‍ക്ക്‌ ഷോപ്പ്‌ അസോസിയേഷന്‍ അടിമാലി യൂണിറ്റ്‌ പ്രസിഡന്റു കൂടിയാണ്‌. സൗമ്യനായ അനിലിന്‌ പോലീസില്‍നിന്നു മര്‍ദനമേറ്റത്തോടെ വലിയ തോതിലുള്ള പ്രതിഷേധമാണ്‌ നടന്നത്‌. വര്‍ക്ക്‌ ഷോപ്പ്‌ ഉടമകളുടെ നേതൃത്വത്തില്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ ശക്‌തമായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ്‌ പ്രസിഡന്റും അടിമാലി യൂണിറ്റ്‌ പ്രസിഡന്റുമായ പി.എം. ബേബി, ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ്‌ സാന്റി മാത്യു, വര്‍ക്ക്‌ ഷോപ്പ്‌ അസോസിയേഷന്‍ സംസ്‌ഥാന നേതാവ്‌ സജീവ്‌ മാധവന്‍ തുടങ്ങിയ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയ വഴിയും പോലീസിനെതിരെ വ്യാപകമായ പ്രതിഷേധമാണ്‌ അലയടിച്ചത്‌.

Ads by Google
Advertisement
Friday 02 Jan 2026 08.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW