-->
ആലപ്പുഴ: മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നയിക്കുന്ന കേരളയാത്രയ്‌ക്ക് 14ന് വൈകിട്ട് നാലിന് കായംകുളം എല്‍മെക്‌സ് ഗ്രൗണ്ടില്‍ സ്വീകരണം നല്‍കും.
പത്തനംതിട്ട ജില്ലയില്‍നിന്ന് ആലപ്പുഴയിലേക്ക് എത്തുന്ന യാത്രയ്‌ക്ക് പ്രൗഢമായ സ്വീകരണം ഒരുക്കാന്‍ കായംകുളം സോണ്‍ കേന്ദ്രീകരിച്ച് പ്രാദേശിക സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചു.
യൂണിറ്റ് തലങ്ങളില്‍ ഗൃഹ സന്ദര്‍ശനം, പദയാത്ര, നൈറ്റ് മാര്‍ച്ച്, വാഹന സന്ദേശ പ്രചാരണം, ജില്ല ഉപയാത്ര തുടങ്ങിയവയും സംഘടിപ്പിക്കും. 2026ല്‍ നടക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായുള്ള കേരള യാത്രയില്‍ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്‌ദുര്‍ റഹ്‌മാന്‍ സഖാഫി എന്നിവര്‍ ഉപനായകരാണ്. വര്‍ഗീയമായി ചേരിതിരിഞ്ഞ് വെറുപ്പും ശത്രുതയും വിതക്കുന്ന കാലത്ത് മനുഷ്യര്‍ക്കൊപ്പം നില്‍ക്കുകയെന്ന ആശയമാണ് യാത്ര മുന്നോട്ടുവയ്‌ക്കുന്നത്. കാസര്‍കോടുനിന്ന് ആരംഭിച്ച് വിവിധ ജില്ലകളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും.
പത്രസമ്മേളനത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം എ. ത്വാഹാ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എച്ച്. അബ്‌ദുന്നാസിര്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി എസ്. നസീര്‍ , എസ്.എസ്.എഫ് ജില്ലപ്രസിഡന്റ് അജ്‌മല്‍ ജൗഹരി, കെ.യു. ത്വാഹ, പി.എ.എം. അബ്‌ദുറഹ്‌മാന്‍ ദാരിമി എന്നിവര്‍ പങ്കെടുത്തു.