Sunday, March 15, 2026 Last Updated 14 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.20 AM

പടഹാരം, പെരുമ്പളം പാലങ്ങള്‍ ഈമാസം തുറക്കും

ആലപ്പുഴ: ജില്ലയ്‌ക്കു പുതുവത്സര സമ്മാനമായി പടഹാരം, പെരുമ്പളം പാലങ്ങള്‍ ഈ മാസം തുറക്കും. സംസ്‌ഥാനത്തെ ഏക വാച്ച്‌ ടവര്‍ പാലമായ പടഹാരം പാലം ഈ മാസം പകുതിയോടെയും പെരുമ്പളം പാലം ഈ മാസം അവസാനവും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്‌ഘാടനത്തിന്‌ സജ്‌ജമാക്കുമെന്ന്‌ മന്ത്രി പി. പ്രസാദ്‌ പറഞ്ഞു.
ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിന്‌ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച മന്ത്രിതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.
നവകേരള സദസിന്റെ ഭാഗമായി സര്‍ക്കാര്‍ ജില്ലയിലെ എല്ലാ മണ്ഡലത്തിലും അനുവദിച്ച പ്രത്യേക പദ്ധതികള്‍ക്ക്‌ പണം ലഭ്യമായിട്ടുണ്ട്‌. ഇത്‌ എത്രയും വേഗം തുടങ്ങും. ഈ പ്രവര്‍ത്തങ്ങളെക്കുറിച്ച്‌ അതത്‌ മണ്ഡലങ്ങളിലെ എം.എല്‍.എമാരുമായി ചര്‍ച്ച ചെയ്യണം. പ്രവര്‍ത്തനങ്ങളില്‍ പിന്നില്‍ നില്‍ക്കുന്ന വകുപ്പുകള്‍ ഉടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.
ജില്ലയില്‍ നിലവില്‍ പൂര്‍ത്തീകരണ ഘട്ടത്തിലുള്ള പദ്ധതികള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന്‌ മന്ത്രി ഉദ്യോഗസ്‌ഥരോട്‌ നിര്‍ദേശിച്ചു. ഫെബ്രുവരി 21നുശേഷം പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകരുത്‌. സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തരമായി ആവശ്യമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഉദ്യോഗസ്‌ഥര്‍ റിപ്പോര്‍ട്ട്‌ നല്‍കണം.
പെരുമ്പളം പാലത്തിന്റെ പ്രവേശന റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന്‌ യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന ശാര്‍ങ്ങക്കാവ്‌ പാലത്തിന്റെ നിര്‍മ്മാണം ജനുവരിയില്‍ പൂര്‍ത്തിയാകും. ജില്ലയില്‍ 34,000 ലൈഫ്‌ വീടുകള്‍ പൂര്‍ത്തിയായി. അഞ്ച്‌ സ്‌മാര്‍ട്ട്‌ കൃഷിഭവനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
ചേര്‍ത്തല സൗത്തില്‍ നിര്‍മിക്കാന്‍ പോകുന്ന അഗ്രോ പാര്‍ക്കിനുള്ള സ്‌ഥലത്തിനുള്ള ഉപയോഗാനുമതി കൃഷി വകുപ്പിന്‌ നല്‍കിയിട്ടുണ്ട്‌. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ടൂറിസം വകുപ്പിന്റെ പ്രധാന പദ്ധതിയായ ആലാ പൂമലച്ചാല്‍ ടൂറിസം പദ്ധതി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 3.42 കോടി രൂപ ചെലവിലാണ്‌ നിര്‍മ്മാണം.
ചേര്‍ത്തല പോളിടെക്‌നിക്‌ പുതിയ കെട്ടിടം ഫെബ്രുവരിയില്‍ ഉദ്‌ഘാടനത്തിനു തയാറാകുമെന്നും വകുപ്പ്‌ തല ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. കൂടാതെ കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി സ്‌കൂളുകളിലെ ഉദ്‌ഘാടനം ഉടന്‍ നടത്താനും നിര്‍ദേശിച്ചു.
കലക്‌ടര്‍ അലക്‌സ് വര്‍ഗീസ്‌, എ.ഡി.എം. ആശാ സി. എബ്രഹാം, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 02 Jan 2026 08.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW