-->
തൊടുപുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കുമാരമംഗലം വള്ളിയാനിക്കാട് ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്രഭൂമി സ്വകാര്യ വ്യക്‌തികള്‍ അനധികൃതമായി കൈയേറിയതിനെതിരെ ഭക്‌തജനങ്ങളുടെ സഹകരണത്തോടെ ക്ഷേത്ര സംരക്ഷണസമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദേശത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി ഭക്‌തരാണ് പ്രതിഷേധ സംഗമത്തില്‍ പങ്കെടു ത്തത്.
ക്ഷേത്ര അനുഷ്‌ഠാനങ്ങളുടെയും ക്ഷേത്രഭൂമി സംരക്ഷിക്കേണ്ട ആവശ്യ കതയേയുംകുറിച്ച് ഹിന്ദു ഐക്യവേദി സംസ്‌ഥാന ഉപാധ്യക്ഷന്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയും വിശ്വഹിന്ദു പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജു കൃഷ്‌ണനും സംസാരിച്ചു. ക്ഷേത്രസംരക്ഷണസമിതി രക്ഷാധികാരി എസ് ആര്‍ ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രത്യേകം തയ്യാറാക്കിയ ഹോമ കുണ്ഡത്തില്‍ ഭക്‌തരുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ക്ഷേത്രസ്‌ഥല സംബന്ധമായ കാര്യങ്ങളും ക്ഷേത്രഭൂമിയുടെ കേസിന്റെ വിശദവിവരണവും ഉപദേശക സമിതി വൈസ് പ്രസിഡന്റ് പ്രതീഷ് കുമാര്‍ ഭക്‌തര്‍ക്കായി വിശദീകരിച്ചു. ക്ഷേത്രഭൂമി സംരക്ഷിക്കുന്നതിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും ക്ഷേത്ര സംരക്ഷണ സമിതിക്ക് ഉണ്ടാകുമെന്ന് വിവിധ ഹിന്ദു സാമുദായിക സംഘടന നേതാക്കള്‍ ഉറപ്പു നല്‍കി.