Sunday, March 15, 2026 Last Updated 42 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.07 AM

തൊടുപുഴയില്‍ അഗ്നിരക്ഷാസേനയ്‌ക്ക് തിരക്കേറിയ വര്‍ഷം

തൊടുപുഴ: ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കുന്നതില്‍ തൊടുപുഴ ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ സേ്‌റ്റഷന്‌ ഇത്‌ സേവനങ്ങളുടെ റെക്കോര്‍ഡ്‌ വര്‍ഷം. 2025-ല്‍ ഇതുവരെ സേ്‌റ്റഷനില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ 511 കോളുകളാണ്‌. കഴിഞ്ഞവര്‍ഷം ലഭിച്ച 467 കോളുകളെ അപേക്ഷിച്ച്‌ സേവന പ്രവര്‍ത്തനങ്ങളില്‍ വലിയ വര്‍ധനവാണ്‌ ഇത്തവണ ഉണ്ടായിരിക്കുന്നത്‌. ഇന്‍സിഡന്റ്‌ കോളുകളില്‍ വന്‍ വര്‍ധന.
മുന്‍വര്‍ഷങ്ങളില്‍ തീപിടുത്തങ്ങളുമായി ബന്ധപ്പെട്ട ഫയര്‍ കോളുകള്‍ ആയിരുന്നു കൂടുതലെങ്കില്‍, ഈ വര്‍ഷം ജനങ്ങളെ സഹായിക്കുന്ന ഇന്‍സിഡന്റ്‌ കോളുകളുടെ എണ്ണമാണ്‌ കുത്തനെ ഉയര്‍ന്നത്‌. റോഡ്‌ അപകടങ്ങള്‍, ശക്‌തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണുള്ള ഗതാഗതതടസങ്ങള്‍ എന്നിവയില്‍ സേനയുടെ ഇടപെടല്‍ നിര്‍ണായകമായി. സങ്കീര്‍ണമായ പല രക്ഷാപ്രവര്‍ത്ത നങ്ങള്‍ക്കും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. മരത്തില്‍ കയറി ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിയവരെ സുരക്ഷിതമായി താഴെയിറക്കി. വീടിനുള്ളില്‍ അബദ്ധത്തില്‍ കുടു ങ്ങിപ്പോയ കുട്ടികളെ രക്ഷപ്പെടുത്തി. റോഡില്‍ ഓയില്‍ ഒഴുകി പരന്നതിനെ തുടര്‍ന്നുണ്ടായ അപകടസാധ്യതകള്‍ നീക്കം ചെയ്‌തു. കാനകളിലും ഓടകളിലും വീണുപോയ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ വീണ്ടെടുത്തു നല്‍കി. കിണറ്റില്‍ വീണ വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായി പുറത്തെടുത്തു. ഈ കണക്കുകളില്‍ പെടാത്ത കൈവിരലുകളില്‍ മോതിരങ്ങള്‍ കുടു ങ്ങിയ നിരവധി കോളുകളും ഉണ്ടായി. അതിസാഹസികമായി പാറക്കെട്ടിലെ രക്ഷാപ്രവര്‍ത്തനം ഈ വര്‍ഷം സേനയ്‌ക്ക് ഏറ്റവും വലിയ വെല്ലുവിളിയായത്‌ പാറക്കെട്ടുകളില്‍ ഉണ്ടായ അപകടങ്ങളാണ്‌. കോട്ടപ്പാറ, വാഗമണ്‍ റൂട്ടിലെ ചാത്തന്‍പാറ എന്നിവിടങ്ങളില്‍ പാറക്കെട്ടുകളില്‍നിന്ന്‌ താഴേക്ക്‌ പതിച്ച മൂന്ന്‌ വലിയ അപകടങ്ങളില്‍ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനമാണ്‌ അഗ്നിരക്ഷാ സേന നടത്തിയത്‌.

ഏകോപനവുമായി നേതൃത്വം

ഇടുക്കി ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്‍. ഷിനോയി നേരിട്ടാണ്‌ ഈ വര്‍ഷത്തെ പ്രധാന രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്‌തത്‌. നിലവില്‍ സേ്‌റ്റഷന്‍ ഓഫീസര്‍ ടി.എച്ച്‌. സാദിഖിന്റെ നേതൃത്വത്തിലാണ്‌ സേ്‌റ്റഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. 2025 കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി ശ്രീനു സെബാസ്‌റ്റ്യന്‍, വി.കെ. വിനോയ്‌, കെ.എ. ജാഫര്‍ഖാന്‍, ബിജു പി. തോമസ്‌ എന്നിവര്‍ സേ്‌റ്റഷന്റെ ചുമതലകള്‍ വഹിച്ചു. ഇടുക്കിയുടെ കരുത്തായി സ്‌കൂബ ടീംജില്ലയിലെ ഏക അഗ്നിരക്ഷാ സ്‌കൂബ ടീം തൊടുപുഴ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജലാശയങ്ങളിലെ അപകടങ്ങളില്‍ ജീവന്‍ പണയപ്പെടുത്തി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്‌. മുങ്ങിമരണങ്ങള്‍ നടന്ന സ്‌ഥലങ്ങളില്‍ നിന്ന്‌ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനും, ജലാശയങ്ങളില്‍ വീണ മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തുന്നതിനും സ്‌കൂബ ടീം മുന്നിലുണ്ടായിരുന്നു. കൂടാതെ കുടിവെള്ള പമ്പുകളില്‍ തടസമായി നിന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും സേനയുടെ സേവനം ലഭ്യമായി. ജനങ്ങള്‍ക്ക്‌ സ്വയം പരിഹരിക്കാന്‍ കഴിയാത്ത ഏത്‌ അടിയന്തര സാഹചര്യത്തിലും ഫയര്‍ ഫോഴ്‌സിന്റെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങളും പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത്‌ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സേ്‌റ്റഷന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

സുരക്ഷയുടെ കരുതലുമായി
തൊടുപുഴ ഫയര്‍ഫോഴ്‌സ്

അഗ്നിശമനവും രക്ഷാപ്രവര്‍ത്തനവും കേവലം തീ അണയ്‌ക്കുന്നതില്‍ മാത്രം പരിമിതമല്ലെന്ന്‌ തെളിയിക്കുകയാണ്‌ തൊടുപുഴ ഫയര്‍ ഫോഴ്‌സ് യൂണിറ്റ്‌. അപകടങ്ങള്‍ നടന്നതിനുശേഷം എത്തുന്നതിനേക്കാള്‍, അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എന്ന നയത്തിനാണ്‌ ഇവര്‍ മുന്‍ഗണന നല്‍കുന്നത്‌. ഇതിന്റെ ഭാഗമായി ജനകീയമായ നിരവധി പ്രവര്‍ത്തനങ്ങളാണ്‌ തൊടുപുഴയില്‍ സേന നടപ്പാക്കിവരുന്നത്‌. കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളില്‍ തൊടുപുഴ ഫയര്‍ ഫോഴ്‌സ് യൂണിറ്റ്‌ 2025ല്‍ മാത്രം ഏകദേശം 85-ഓളം അഗ്നി സുരക്ഷാ ക്ലാസുകളാണ്‌ വിവിധയിടങ്ങളിലായി സംഘടിപ്പിച്ചത്‌. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവരിലേക്കും സുരക്ഷാ സന്ദേശം എത്തിക്കാന്‍ ഈ ക്ലാസുകളിലൂടെ സാധിച്ചു. കോളജുകളിലും സ്‌കൂളുകളിലും സംഘടിപ്പിച്ച ക്ലാസുകള്‍ വിദ്യാര്‍ഥികളില്‍ സുരക്ഷാ അവബോധം വളര്‍ത്താന്‍ സഹായിച്ചു. യുവജനതയുടെ സന്നദ്ധ സേവന മനോഭാവത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങളുമായി കോര്‍ത്തിണക്കാന്‍ എന്‍.എസ്‌.എസ്‌ ക്യാമ്പുകളിലെ പരിശീലനം ഉപകരിച്ചു. വീടുകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പാചകവാതക ചോര്‍ച്ച, ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ എന്നിവ തടയാനുള്ള പ്രായോഗിക അറിവ്‌ വീട്ടമ്മമാര്‍ക്കും താമസക്കാര്‍ക്കും നല്‍കി. പ്രാദേശിക ക്ലബ്ബുകള്‍ വഴി യുവാക്കള്‍ക്ക്‌ അടിയന്തര ഘട്ടങ്ങളില്‍ പ്രഥമശുശ്രൂഷ നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനും വേണ്ട പരിശീലനം നല്‍കി. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഭ്രമിക്കാതെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്കായി പ്രത്യേക പ്രദര്‍ശനങ്ങളും ക്ലാസുകളും സേന നടത്തിവരുന്നു. ഫയര്‍ഫോഴ്‌സിന്റെ ഈ ഇടപെടലുകള്‍ വഴി നാട്ടുകാര്‍ക്കിടയില്‍ വലിയൊരു സുരക്ഷാ വലയം തീര്‍ക്കാന്‍ സാധിച്ചിട്ടുണ്ട്‌.

ജനകീയ സുരക്ഷയുടെ
കാവലാളുകളായി സിവില്‍
ഡിഫന്‍സും ആപതാമിത്രയും

ദുരന്തമുഖങ്ങളില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ക്കൊപ്പം തോളോട്‌ തോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ സന്നദ്ധസേനയെ സജ്‌ജമാക്കി തൊടുപുഴ അഗ്നിരക്ഷാ നിലയം. 2018 മുതല്‍ പൊതുജനങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുത്ത 45-ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്‌ തീവ്രമായ പരിശീലനം നല്‍കി സേനയുടെ ഭാഗമാക്കിയതിലൂടെ സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്‌ തൊടുപുഴ യൂണിറ്റ്‌. പരിശീലനവും സന്നദ്ധ സേവനവും ലാഭേച്‌ഛയില്ലാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറായ സാധാരണക്കാരില്‍നിന്നാണ്‌ സിവില്‍ ഡിഫന്‍സ്‌, ആപതാമിത്ര വിഭാഗങ്ങളിലേക്ക്‌ അംഗങ്ങളെ തെരഞ്ഞെടുത്തത്‌. ഇവര്‍ക്ക്‌ അഗ്നിശമനം, പ്രഥമശുശ്രൂഷ, പ്രളയത്തിലും മറ്റ്‌ പ്രകൃതിക്ഷോഭങ്ങളിലും നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിദഗ്‌ധ പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയ ഈ സന്നദ്ധ പ്രവര്‍ത്തകര്‍ നിലവില്‍ ശബരിമല തീര്‍ത്ഥാടന കാലത്തോടനുബന്ധിച്ച്‌ അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം സേവനമനുഷ്‌ഠിച്ചുവരുന്നു. അപകടം നടന്ന ഉടന്‍ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഇവര്‍ക്ക്‌ സാധിക്കുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സുരക്ഷാ അറിവുകള്‍ പകര്‍ന്നുനല്‍കാന്‍ ഈ സന്നദ്ധ പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കുന്നു. യാതൊരു പ്രതിഫലവും ഇച്‌ഛിക്കാതെ നാടിന്റെ സുരക്ഷയ്‌ക്കായി സമയം മാറ്റിവെക്കുന്ന ഇവര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ കാഴ്‌ചവയ്‌ക്കുന്നത്‌. പൊതുജന പങ്കാളിത്തത്തോടെ ദുരന്തങ്ങളെ നേരിടുക എന്ന ആധുനിക കാഴ്‌ചപ്പാടാണ്‌ തൊടുപുഴ അഗ്നിരക്ഷാ സേന നടപ്പിലാക്കുന്നത്‌.

Ads by Google
Advertisement
Thursday 01 Jan 2026 10.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW