-->
ചെറുതോണി: ക്രിസ്‌തുജയന്തിയുടെ 2025-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷാചരണത്തിന് സമാപനമാകുന്നു. ആഗോള സഭയില്‍ ജനുവരി 6 ദനഹാ തിരുനാളില്‍ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കവാടം അടയ്‌ക്കുന്നതോടെയാണ് ജൂബിലിക്ക് സമാപനമാകുന്നത്.
ഇടുക്കി രൂപതയില്‍ ജൂബിലി ആചരണം നാളെ നടക്കും. ജൂബിലി സമാപനത്തിന് തുടക്കംകുറിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ജൂബിലി കുരിശിന്റെ പ്രയാണം ആരംഭിക്കും.
വൈകുന്നേരം 7.15 ന് നെടുങ്കണ്ടം കരുണ ആനിമേഷന്‍ സെന്ററില്‍ ജൂബിലി കുരിശിന് വിപുലമായ സ്വീകരണം നല്‍കും. തുടര്‍ന്ന് വിശ്വാസികളുടെയും വൈദിക വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ജപമാല പ്രദക്ഷിണത്തോടെ കുരിശ് തീര്‍ഥാടന ദേവാലയത്തില്‍ പ്രതിഷ്‌ഠിക്കും. നാളെ നെടുങ്കണ്ടം സെന്റ് സെബാസ്‌റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദൈവാലയത്തിലാണ് ജൂബിലിയുടെ സമാപനം നടത്തുന്നത്.
അന്നേ ദിവസം രാവിലെ 6.30 ന് രൂപതാധ്യക്ഷന്റെ പ്രധാന കാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും കുമ്പസാരവും നടക്കും. അതിനുശേഷം ഉച്ചകഴിഞ്ഞ് 3 ന് രൂപതയിലെ മുഴുവന്‍ ഇടവകകളില്‍ നിന്നും എത്തിച്ചേരുന്ന വിശ്വാസികളും സമര്‍പ്പിതരും വൈദികരും ഒന്നുചേര്‍ന്ന് വിശ്വാസപ്രഘോഷണ റാലി നടത്തും.
മൂന്നിന് കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആമുഖ സന്ദേശം നല്‍കി റാലി ഉദ്‌ഘാടനം ചെയ്യും. റാലി തിരികെ ദൈവാലയത്തില്‍ എത്തിച്ചേരു മ്പോള്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ജൂബിലി സമാപന സന്ദേശവും ദിവികാരുണ്യ ആശീര്‍വാദവും നല്‍കും. വൈകുന്നേരം 6 ന് ജൂബിലി കവാടം പ്രതീകാത്മകമായി അടച്ചുകൊണ്ട് ജൂബിലിക്ക് സമാപനം കുറിക്കും. തീര്‍ഥാടനത്തിന്റെ ഭാഗമായി ഒരുക്കത്തോടുകൂടി ജൂബിലി കവാടം കടന്ന് പ്രാര്‍ഥിക്കുന്നവര്‍ക്ക് സഭ നല്‍കുന്ന ദണ്ഡവിമോചനം പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്.
വിവിധ ഫൊറോനകളുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന നിശ്‌ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും പരമ്പരാഗത ക്രൈസ്‌തവ കലാരൂപങ്ങളുടെ ആവിഷ്‌കരണങ്ങളും പരമ്പരാഗത ക്രൈസ്‌തവ വേഷധാരികളായി എത്തിച്ചേരുന്നവരും ഈ റാലിക്ക് കൂടുതല്‍ കൊഴുപ്പേകും.
തീര്‍ഥാടകരായി എത്തിച്ചേര്‍ന്ന വിശ്വാസികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നെടുങ്കണ്ടത്ത് നടന്നുകൊണ്ടിരിക്കുന്നത്. 501 അംഗങ്ങള്‍ അടങ്ങിയ വോളണ്ടിയര്‍ ടീം വിവിധ കമ്മിറ്റികളിലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍, ആര്‍ച്ച് പ്രീസ്‌റ്റ് ഫാ. തോമസ് വട്ടമല, ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ശ്രീ. ജോര്‍ജ് കോയിക്കല്‍, ശ്രീ. സെസില്‍ ജോസ്, ശ്രി. സാം സണ്ണി, ശ്രീമതി. ഷേര്‍ളി ജൂഡി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഇടുക്കി രൂപതാ വക്‌താവ് ഫാ. ജിന്‍സ് കാരയ്‌ക്കാട്ട് അറിയിച്ചു.