-->
അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരുക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ യുവാവിന്റെ കാലില്‍ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി. യുവാവ് വേദന സഹിച്ചുനടന്നത് അഞ്ചു മാസം. പിന്നീട് സ്വകാര്യാശുപത്രിയില്‍ ചില്ല് നീക്കം ചെയ്‌തു. പുന്നപ്ര തെക്ക് പഞ്ചായത്ത് 19-ാം വാര്‍ഡ് കൊച്ചുപറമ്പ് വീട്ടില്‍ പരേതനായ അശോകന്റെ മകന്‍ അനന്തുവി(27)ന്റെ വലതു കാലിലാണ് തറഞ്ഞുകയറിയ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയത്. ജൂലൈ 17 ന് രാത്രി ഒമ്പതോടെ വളഞ്ഞവഴിയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ അനന്തുവിന് പരുക്കേറ്റിരുന്നു. വലതുകാലിന് മുറിവും മറ്റ് പരുക്കുകളും ഉണ്ടായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച അനന്തുവിന്റെ കാലിലെ മുറിവുകള്‍ തുന്നിക്കെട്ടി പ്ലാസ്‌റ്റര്‍ ഇട്ടശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ക്കുശേഷം മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷം വിട്ടയച്ചു. പിന്നീട് 28ന് തുന്നല്‍ എടുത്ത് കാലിന്റെ മുട്ടിന് താഴെ ബാന്‍ഡേജ് ചുറ്റിയശേഷം പറഞ്ഞയച്ചു. ലൈറ്റ് ആന്റ് സൗണ്ട് സ്‌ഥാപനത്തില്‍ ജോലി ചെയ്‌തിരുന്ന അനന്തുവിന് പിന്നീട് ജോലിക്ക് പോകാന്‍ കഴിയാതായി. കാലിന് വേദനയും തുന്നിക്കെട്ടിയ ഭാഗത്ത് മുഴയും ഉണ്ടായി. മുഴപൊട്ടിയതോടെ ഈ മാസം 22 ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഓര്‍ത്തോ വിഭാഗത്തില്‍ പരിശോധനക്ക് ശേഷം കുഴപ്പമില്ലെന്നും
പ്രമേഹമാണ് തുന്നിക്കെട്ടിയ ഭാഗം പൊട്ടിയൊലിക്കാന്‍ കാരണമെന്നും മെഡിസിന്‍ വിഭാഗത്തില്‍ ചികിത്സ തേടാനും പറഞ്ഞു. തുടര്‍ന്ന് 29 ന് മെഡിസിന്‍ വിഭാഗത്തില്‍ നടത്തിയ പരിശോധനയ്‌ക്ക് ശേഷം ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌തു. ഷുഗര്‍ കൂടുതലാണെന്നും ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമാണെന്നും അതിനുള്ള കിടക്ക സൗകര്യങ്ങള്‍ ഇവിടെ ഇല്ലെന്നുമാണ് രാത്രിയില്‍ ഡ്യൂട്ടിക്കെത്തിയ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചതെന്ന് സംഭവത്തെക്കുറിച്ച് അനന്തു ആശുപത്രി സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റേതെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടാനും മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്നാണ് രാത്രിയോടെ പുന്നപ്ര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. അവിടെ നടത്തിയ പരിശോധന യിലാണ് തുന്നലിട്ടിരുന്ന ഭാഗത്ത് എന്തോ ഉള്ളതായി പറയുന്നത്. പ്രാഥമിക പരിശോധനയ്‌ക്കുശേഷം പിറ്റേന്ന് ശസ്‌ക്രിയ വിഭാഗം ഒ.പിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് മുഴപൊട്ടിയൊലിച്ച ഭാഗത്ത് ചില്ല് ഉള്ളതായി അറിയുന്നത്. ഏകദേശം ഒന്നരയിഞ്ച് നീളമുള്ള ഫൈബര്‍ ചില്ലായിരുന്നു ഇത്.
പിന്നീട് ശസ്‌ത്രക്രിയയിലൂടെ കാല്‍മുട്ടിലെ തുന്നല്‍ നീക്കം ചെയ്‌തഭാഗത്തു നിന്നും ചില്ല് പുറത്തെടുത്തു. അപകടസമയത്ത് മുറിവേറ്റഭാഗത്ത് തറച്ച് കയറിയ ചില്ലാകാം ഇത്. മുറിവ് കൃത്യമായി വൃത്തിയാക്കാതെ തുന്നി തയ്‌ച്ചതായിരുന്നു പിന്നീട് കാലില്‍ പഴുപ്പുണ്ടാകാന്‍ കാരണം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെ അനാസ്‌ഥക്കെതിരെ ആശുപത്രി സൂപ്രണ്ടിന് പുറമെ ജില്ലാ കലക്‌ടര്‍ക്കും അമ്പലപ്പുഴ പോലീസിനും അനന്തു പരാതി നല്‍കിയിട്ടുണ്ട്.