-->
എടത്വാ: പുതുവത്സരത്തില്‍ തലവടി പഞ്ചായത്തിലെ പുതിയ ഭരണസമിതിക്ക് ഒരുപിടി നിവേദനം നല്‍കി പൊതുപ്രവര്‍ത്തകര്‍.
റോഡ്, കുടിവെള്ളം, വാടക കെട്ടിടത്തില്‍ നിന്ന് പഞ്ചായത്തിന് മോചനം, തെരുവുനായ ശല്യം, നദീതീര കൈയേറ്റം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുപ്രവര്‍ത്തകന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയുടെ നേത്യത്വത്തില്‍ തലവടി പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന് പൊതുപ്രവര്‍ത്തകര്‍ അടങ്ങിയ സംഘം നിവേദനം നല്‍കിയത്.
തലവടി പഞ്ചായത്ത് ഭരണസമിതിക്ക് നല്‍കുന്ന ആദ്യനിവേദനം കൂടിയാണ്. തലവടി പഞ്ചായത്തിലെ 16 വാര്‍ഡുകളിലെയും പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും തകര്‍ന്ന് കിടക്കുകയാണ്.
അറ്റപ്പുറ്റപ്പണികള്‍ കൃത്യമായി നടക്കാത്തതിനെ തുടര്‍ന്നും പൈപ്പിനായി റോഡുകള്‍ കുഴിച്ചതിനെ തുടര്‍ന്നും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകളുടെ ശോചനീയാവസ്‌ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും, പ്രതിമാസം പതിനായിരക്കണക്കിന് രൂപ വാടക നല്‍കി പഞ്ചായത്ത് കെട്ടിടം ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റി സ്‌ഥാപിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും പതിറ്റാണ്ടുകളായുള്ള കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും പൈപ്പ് ലൈന്‍ സ്‌ഥാപിക്കുന്നതുവരെ സമാന്തരമായി ശുദ്ധജലം വിതരണം ചെയ്യണമെന്നുള്ള സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പിലാക്കി ജനങ്ങളുടെ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കൂടാതെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനും വഴിവിളക്കുകളുടെ പണികള്‍ പൂര്‍ത്തിയാക്കി തെരുവു വിളക്കുകള്‍ കൃത്യമായി പരിപാലിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തണം, തലവടി പഞ്ചായത്തിന്റെ പരിധിയിലുള്ള നദി തീരങ്ങള്‍ കയ്യേറി കൃഷികളും മതിലുകള്‍ക്ക് പുറത്ത് റോഡില്‍ സൗന്ദര്യവല്‍ക്കരണം നടത്തി ചെടികള്‍ ഉള്‍പ്പെടെ പിടിപ്പിച്ച് വാഹനം ഓടിക്കുന്നവരെ അപകടങ്ങള്‍ വരുത്തുന്ന നടപടി തടയണം.
ജലനിര്‍ഗമനം തടസപ്പെടുത്തുന്നതുമായ വൃക്ഷങ്ങളും ചെടികളും നീക്കം ചെയ്യുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നിവേദന സംഘത്തില്‍ ജിബി ഈപ്പന്‍, സുധീര്‍ കൈതവന എന്നിവരും എത്തിയിരുന്നു.