-->
ആലപ്പുഴ: പക്ഷിപ്പനി കാരണം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. ഇതോടെ കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ വില്‍ക്കാന്‍ അനുമതിയായി. ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കാനുള്ള നിയന്ത്രണവും നീക്കി.ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
പുതുതായി പക്ഷിപ്പനി കേസുകള്‍ സ്‌ഥിരീകരിച്ചില്ല. സംശയമുള്ള മൂന്ന് സാമ്പിളുകള്‍ ഭോപ്പാലില്‍ പരിശോധനയ്‌ക്ക് അയച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചതോടെ അപ്പര്‍കുട്ടനാട്ടിലും താറാവ് കര്‍ഷകര്‍ ആശങ്കയിലായിരുന്നു.അപ്പര്‍കുട്ടനാടിന്റെ സമീപപ്രദേശമായ ആലപ്പുഴയിലെ തലവടിയിലാണ് പക്ഷിപ്പനി ആദ്യം സ്‌ഥിരീകരിച്ചിരുന്നത്. 2014 മുതല്‍ മിക്ക വര്‍ഷങ്ങളിലും പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നതിനാല്‍ ഒട്ടേറെ കര്‍ഷകര്‍ താറാവ് കൃഷി ഉപേക്ഷിച്ചു. 2016ലും കഴിഞ്ഞവര്‍ഷവും അപ്പര്‍കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടു ങ്ങിയിരുന്നു.
പിന്നീട് കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാരം നല്‍കി. പുതുവര്‍ഷത്തിന് മുമ്പ് ആശങ്കയുയര്‍ത്തി പക്ഷിപ്പനി വീണ്ടും എത്തിയത് മേഖലയെ സാരമായി ബാധിച്ചിരുന്നു. അതേ സമയം പക്ഷിപ്പനിയെ തുടര്‍ന്നുള്ള നിരോധനങ്ങളുടെ പേരില്‍ ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ചു ഹോട്ടലുടമകളും കടയടച്ച് സമരം നടത്തിയിരുന്നു.
പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങള്‍ക്കു 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള തദ്ദേശ സ്‌ഥാപനപരിധിയിലും കോഴി, താറാവ് തുടങ്ങിയവയുടെ മാംസം, മുട്ട, കാഷ്‌ഠം (വളം) എന്നിവ ഉപയോഗിക്കരുതെന്നു കലക്‌ടര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ ആലപ്പുഴ, ഹരിപ്പാട് നഗരസഭകളില്‍ ഉള്‍പ്പെടെയുള്ള ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ വില്‍ക്കാനാകാത്ത സ്‌ഥിതി വന്നതോടെയാണു കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍ അടച്ചിട്ടു പണിമുടക്ക് നടത്തിയത്.